ഏഴ് ഭാഷകളുടെ സൗന്ദര്യവുമായി കാസർകോട് കാസർകോട്: 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. അപ്പോൾ കേരളം എന്ന സംസ്ഥാനമില്ല, തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന മലയാള നാട്. ഒൻപത് വർഷങ്ങൾക്കിപ്പുറം ഭാഷാടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളോട് മലബാര്‍ ജില്ലയും കർണാടകയുടെ ഭാഗമായ തെക്കന്‍ കാനറ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ത്തു. അങ്ങനെ 1956 നവംബര്‍ ഒന്നിന് ഐക്യകേരളം യാഥാര്‍ത്ഥ്യമായി.
ഭാഷയാണ് സംസ്ഥാന രൂപീകരണത്തിന് അടിസ്ഥാനമെങ്കിലും ഭാഷയിലെ വൈവിദ്ധ്യം കൂടി ചേരുന്നതാണ് കേരളം. അതിന് നമുക്ക് ആദ്യം കേരളത്തിന്‍റെ സപ്‌തഭാഷ സംഗമ ഭൂമിയിലേക്ക് പോകാം. കോലത്ത് നാട്ടില്‍ നിന്ന് ചന്ദ്രഗിരി പുഴ കടന്നാൽ തുളുനാട്ടിലെത്തും. ഭാഷയിലെ വൈവിധ്യം ഇവിടെ തുടങ്ങുന്നു. പ്രകൃതിയിലും മനുഷ്യരിലും മാത്രമല്ല കാസർകോടിന്‍റെ ഭംഗി ഭാഷകളിലുമുണ്ട്.
മലയാളത്തിന് പുറമേ തുളു, ഉർദു, ബ്യാരി, കൊങ്കണി, മറാഠി, കന്നഡ എന്നീ ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. കേരളത്തിൽ മറ്റേത് ജില്ലയിലുമില്ലാത്ത ഈ പ്രത്യേകതയാണ് കാസർകോടിനെ കൂടുതൽ മനോഹരമാക്കുന്നത്. സപ്ത ഭാഷ സംഗമ ഭൂമി എന്നാണ് കാസർകോടിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഏഴു ഭാഷകളിൽ കൂടുതൽ ഭാഷകൾ ഇവിടെ സംസാരിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
ഉർദുവിന്‍റെ ചരിത്രം: ഉപ്പളയിൽ എത്തിയാൽ ഉർദു ഗ്രാമം കാണാം. ഉർദു മാതൃഭാഷയായി സ്വീകരിച്ച ആയിരക്കണക്കിന് പേർ ഒന്നിച്ച് കഴിയുന്ന പ്രദേശമാണിത്. ഭാഷയും ചരിത്രവും സംസ്കാരവും പഠിക്കുന്നവർക്ക് പ്രിയപ്പെട്ട നാട്. ഉർദു സംസാരിക്കുന്ന, ഉർദു രീതിയിൽ ജീവിക്കുന്ന വലിയൊരു ജനവിഭാഗം ഇവിടെയുണ്ട്. കാസർകോട് ജില്ലയിൽ ഉർദു സംസാരിക്കുന്ന മിക്കവരും ഉപ്പള കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. ശുദ്ധ ഉർദുവിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഇവരുടെ സംസാരഭാഷ.
പുറത്തിറങ്ങിയാൽ മലയാളവും ഉർദുവും സംസാരിക്കുന്നവരാണ് ചിലർ. വീടുകളിലാണ് ഉർദുഗ്രാമത്തിന്‍റെ പരിപൂർണത കാണാനാവുക. നൂറ്റാണ്ടുകൾക്കു മുമ്പ് കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ് ഇവരുടെ പൂർവികർ. കേരളം പിറന്നപ്പോൾ കുറെപേർ നാട്ടിലേക്ക് തിരിച്ചു. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിലും ഉഡുപ്പിയിലും സമീപ ജില്ലയെന്ന നിലക്ക് കാസർകോട് ഉപ്പളയിലുമാണ് ഇപ്പോൾ ഉർദു മാതൃഭാഷയായുള്ള വലിയൊരു വിഭാഗം കഴിയുന്നത്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങി പലയിടത്തും ഹനഫികൾ ഉണ്ടെങ്കിലും ഉർദു സംസ്‌കാരം പൂർണമായും ഉൾക്കൊള്ളുന്നവർ ഉപ്പളയിൽ മാത്രമാണുള്ളതെന്നാണ് പറയപ്പെടുന്നത് .
കാസർകോടിന്‍റെ കൊങ്കണി: കേരളത്തിൽ ഏതാണ്ട് എഴുപതിനായിരം പേർ കൊങ്കണി സംസാരിക്കുന്നവർ ഉണ്ടെന്നാണ് കണക്ക്. കൊച്ചി, ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളമുണ്ട്. ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്. ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്. കാസർകോടും കൊങ്കണി കുടുംബങ്ങൾ നിരവധിയുണ്ട്.
മറാഠിയുടെ കഥ: കാസർകോട് ജില്ലയിലെ മറാഠി ജനസംഖ്യ മുപ്പത്തിനായിരത്തിനടുത്താണ്. ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് പഴയ സൗത്ത് കാനറ ജില്ലയിലെ പലസ്ഥലങ്ങളും മറാഠികൾ കുടിയേറി പാർത്തതിനു തെളിവുകൾ ഉണ്ട്. കാസർകോട് കുമ്പള -മഞ്ചേശ്വരം ഭാഗങ്ങളിൽ നിരവധി കുടുംബങ്ങളുണ്ട്. ഇന്നിവർ മലയാളം സമ്പർക്കഭാഷയായി ഉപയോഗിച്ചു വരുന്നു. മറാഠികളുടെ ജന്മഭൂമിയായ മഹാരാഷ്ട്ര, കൊങ്കൺ പ്രദേശങ്ങളിൽ നിന്നും ഈ ജനവിഭാഗങ്ങൾ കേരളത്തിലെ പശ്ചിമഘട്ടമലനിരകളിൽ എങ്ങനെ എത്തിചേർന്നുവെന്നതു സൂചിപ്പിക്കുന്ന ചരിത്രരേഖകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
പ്രാചീനകാലത്ത് വനാന്തർഭാഗത്തായിരുന്നു മറാഠികൾ അധിവസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ഇന്നും ഇവരുടെ ആവാസകേന്ദ്രങ്ങളെല്ലാം തന്നെ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണുള്ളത്. മറാഠി കുടുംബങ്ങൾ സംഘങ്ങളായാണ് താമസിക്കുന്നത്. ഈ മേഖലയിലേക്ക് ക്രിസ്ത്യൻ കുടിയേറ്റ കർഷകരുടെ വരവിനുശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിത്തരങ്ങളിൽ ഇവർ ഏർപ്പെട്ടുതുടങ്ങി. ആദിമ ഗിരിവർഗക്കാരായാണ് മറാഠികളെ ഗണിച്ചുവരുന്നത്. മറ്റു ഗിരിവിഭാഗങ്ങളിൽ നിന്നും ഭിന്നമായി ഉയർന്ന സാമൂഹിക നിലവാരം മറാഠികൾ പുലർത്തിവരുന്നു. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ ഇവ കാണാവുന്നതാണ്.
തുളുനാടിന്‍റെ തുളു: മൂന്ന് ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് തുളു. ഇന്ത്യയിലെ ഒരു ദ്രാവിഡ ഭാഷയാണിത്. കർണാടക സംസ്ഥാനത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും വടക്കൻ കേരളത്തിലെ കാസർകോട് ജില്ലയിലുമാണ് ഇത് സംസാരിക്കുന്നവരിൽ ഭൂരിഭാഗവും. തുളു ഭാഷ സംസാരിക്കുന്നവർ തുളുവുകൾ എന്നാണ് അറിയപ്പെടുന്നത്. തുളു ലിപിയെ തിഗലാരി ലിപി എന്നും വിളിക്കുന്നു, ഇതിന് മലയാള ലിപിയുമായി സാമ്യമുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ തുളുവിനെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തുളുനാട്ടിൽ അഭ്യസിക്കുന്ന ഒരു രാത്രി നീണ്ടുനിൽക്കുന്ന നൃത്ത-നാടക അവതരണമായ യക്ഷഗാനം വലിയ ആർഭാടങ്ങളുള്ള ഒരു ജനപ്രിയ കലാരൂപമാണ്.
കന്നഡിയില്ലാതെന്ത് കാസർകോട്:കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയായത് കൊണ്ട് തന്നെ കാസർകോട് ജില്ലക്കാർ കന്നഡ സംസാരിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. കർണാടകത്തിലെ പ്രധാനഭാഷയും ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നും ആണ് കന്നഡ. കദംബ ലിപിയിൽ നിന്ന് രൂപപ്പെട്ട കന്നഡ ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്. കന്നഡയിലെ എഴുത്തിന്‍റെ മാതൃകകൾക്ക് ആയിരത്തി അഞ്ഞൂറോളം വർഷങ്ങളുടെ പഴക്കമുണ്ട്. കാസർകോട് ജില്ലയിൽ ഉള്ളവരിൽ ഭരിഭാഗം പേർക്കും കന്നഡ എഴുതാനും വായിക്കാനും അറിയാം.
പഴക്കമേറിയ ബ്യാരി:കേരള - കർണ്ണാടക അതിർത്തിയിലെ ലിപിയില്ലാത്ത ഒരു ഭാഷയാണ് ബ്യാരി. കർണ്ണാടകയിലെ ഉള്ളാൾ പ്രദേശത്തെ പ്രത്യേകമായ ഒരു മുസ്‌ലിം വിഭാഗമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഈ ജനവിഭാഗവും ബ്യാരി എന്നാണറിയപ്പെടുന്നത്. പതിനഞ്ച് ലക്ഷത്തോളമാളുകൾ ഈ ഭാഷ ഉപയോഗിക്കുന്നതായി കരുതപ്പെടുന്നു. തുളു ഭാഷയോളം പഴക്കം ബ്യാരിക്കുണ്ടന്ന് കരുതപ്പെടുന്നു. കന്നട ലിപി ഉപയോഗിച്ച് ബ്യാരി എഴുതാറുണ്ട്. നൂറോളം ഗ്രന്ഥങ്ങൾ ഈ ഭാഷയിലെഴുതപ്പെട്ടിട്ടുണ്ട്. കാസർകോടിന്‍റെ അതിർത്തി ഗ്രാമമായ മഞ്ചേശ്വരത്ത് ഈ ഭാഷ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്.