കാസർകോട്: വികസനത്തിന്‍റെ പേരില്‍ കുന്നുകളും വയലുകളുമെല്ലാം ഇടിച്ചു നിരത്തുന്ന ഇക്കാലത്ത് 500 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു മരത്തിന് വേണ്ടി ഒരു നാട് മുഴുവന്‍ പോരാടുക. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. കാസര്‍കോട് സീതാംഗോളിയില്‍ റോഡ് വികസനത്തിന്‍റെ ഭാഗമായി വെട്ടിനിരത്തുമായിരുന്ന മാവിന്‍റെ ജീവൻ നാട്ടുകാരുടെയും പ്രകൃതിസ്നേഹികളുടെയും ഇടപെടൽ കൊണ്ട് മാത്രം രക്ഷപ്പെട്ടു.
കുമ്പള-മുള്ളേരിയ റോഡ് വികസനത്തിന്‍റെ ഭാഗമായുള്ള അലൈന്‍മെന്‍റില്‍ മുറിക്കപ്പെടേണ്ട മരങ്ങളിൽ ഈ വന്മരവും ഉണ്ടായിരുന്നു. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള നൂറുകണക്കിന് മരങ്ങളാണ് നവീകരണത്തിന്‍റെ ഭാഗമായി വെട്ടിമാറ്റിയത്. ഇതിലേറെയും മാവുകൾ തന്നെ.
എന്നാൽ സീതാംഗോളി പെർണക്ക് അടുത്തുള്ള മാവുമുത്തശിയെ വെട്ടിമാറ്റാൻ നാട്ടുകാരും പ്രകൃതി സ്നേഹികളും തയ്യാറായില്ല. എല്ലാ വർഷവും നിറയെ മാങ്ങ തരുന്ന ഈ മാവ് നാട്ടുകാർക്കും കുട്ടികൾക്കും ഇതുവഴി പോകുന്ന യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.