കാസർകോട് : നാൽപത്തിയാറ് വർഷം കാസർകോട്ടുകാർക്ക് അറിവിന്‍റെ വെളിച്ചമെത്തിച്ച അക്ഷരശാലയ്ക്ക് ഒടുവിൽ താഴുവീണു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പത്ര, മാസിക വില്‍പ്പന സ്റ്റാളാണ് ഓര്‍മയായത്.
ദൃശ്യ മാധ്യമങ്ങള്‍ സജീവമാകുന്നതിന് മുന്‍പ് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എംജിആര്‍, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി പ്രമുഖരുടെ മരണവും സംഭവ ബഹുലമായ വാർത്തകളും ജനങ്ങളിലേക്ക് എത്തിച്ചിരുന്നത് ചെമ്മനാട് കാമ്പനടുക്ക് സ്വദേശി അബൂബക്കർ സിദ്ദിഖിന്‍റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റാളിലൂടെയാണ്.
കാസർകോട്ടുകാർക്ക് അറിവിന്‍റെ വെളിച്ചമെത്തിച്ച അക്ഷരശാലയ്ക്ക് ഒടുവിൽ താഴുവീണു അടിയന്തരാവസ്ഥ കാലത്തെ അതിജീവിച്ചു
നാലര പതിറ്റാണ്ട് അബൂബക്കറിനെയും കാസർകോടിനെയും സംബന്ധിച്ച് ചെറിയൊരു കാലയളവായിരുന്നില്ല. ബാബ്‌റി മസ്‌ജിദ് തകർത്തതിൽ പ്രതിഷേധിച്ചുണ്ടായ ബന്ദിൽ മാത്രമാണ് കട അടച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ പേടിച്ച് പത്രം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ ഒളിച്ചതും അബൂബക്കർ ഓര്‍ക്കുന്നു.
1975ല്‍ പതിനഞ്ചാം വയസില്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉന്തുവണ്ടിയില്‍ പത്രവും മാസികകളും വിറ്റായിരുന്നു അബൂബക്കറിന്‍റെ തുടക്കം. പിതൃസഹോദരന്‍ എം.എച്ച് സീതിയായിരുന്നു വഴികാട്ടി. പിന്നീട് 200 രൂപ മാസവാടകയ്ക്ക് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് നഗരസഭ മുറി അനുവദിച്ചു. നിലവിലെ കട 25 വര്‍ഷം മുമ്പ് ഷോപ്പിങ് കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ നഗരസഭ അനുവദിച്ചതാണ്.
കണ്ണൂര്‍ എഡിഷന്‍ തുടങ്ങുന്നതിന് മുമ്പ് മലയാള പത്രങ്ങള്‍ കോഴിക്കോട് നിന്ന് വെസ്റ്റ്‌കോസ്റ്റ് ട്രെയിനിലാണ് പുലര്‍ച്ചെ 4.30ന് കാസര്‍കോട്ട് എത്തിയിരുന്നത്. പിതൃസഹോദരനൊപ്പം പുലര്‍ച്ചെ മൂന്നിന് തോണിയില്‍ ചന്ദ്രഗിരി പുഴ കടന്ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയാണ് പത്രം എടുത്തിരുന്നത്. പുലർച്ചെ തന്നെ ആളുകൾ സ്റ്റാളിന് മുന്നിൽ കൂടും. ദിവസവും ആയിരക്കണക്കിന് കോപ്പികളാണ് വിറ്റഴിയുക. പ്രഭാത പത്രങ്ങളുടെ തിരക്ക് കഴിഞ്ഞാൽ സായാഹ്ന പത്രങ്ങളുടെ തിരക്കാണ്.
ഇതര ഭാഷാ പത്രങ്ങളും വില്‍പനയ്ക്ക്
മലയാളത്തിന് പുറമെ കന്നഡ, ഇംഗ്ലിഷ്, ഹിന്ദി, തമിഴ് ഭാഷകളിലുള്ള പത്രങ്ങളും മാസികകളും വില്‍പനയ്ക്കായി അബൂബക്കര്‍ സിദ്ദിഖിന്‍റെ പേരില്‍ കാസര്‍കോട്ട് എത്താറുണ്ടായിരുന്നു. ആദ്യകാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് ബിസിനസ് ആവശ്യാര്‍ഥം കാസര്‍കോട്ട് എത്തിയിരുന്ന മാര്‍വാഡികളും മറാഠികളും ഹിന്ദി പത്രം തേടി തന്‍റെ കടയില്‍ എത്തിയിരുന്നതായി അബൂബക്കര്‍ സിദ്ദിഖ് പറയുന്നു.
46 വർഷമായി സ്റ്റാളില്‍ നിന്ന് പത്രങ്ങളും മാസികകളും വാങ്ങുന്നവർ ഇപ്പോഴും സ്റ്റാളിൽ എത്താറുണ്ട്. കൊവിഡ് എത്തിയതോടെയാണ് കാര്യങ്ങൾ മാറിമാറിഞ്ഞത്. പത്രങ്ങളും മാസികകളും കെട്ടിക്കിടക്കാന്‍ തുടങ്ങി. വാടകയും കൂടിയതോടെ അബൂബക്കറിന് മറ്റ് മാർഗമില്ലാതായി. ഒടുവില്‍ 46 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് അറുപത്തിയൊന്നുകാരനായ അബൂബക്കര്‍ സിദ്ദിഖ് അക്ഷരശാലയുടെ പടിയിറങ്ങി.
Also read: അനുപമയും അജിത്തും വിവാഹിതരായി ; സാക്ഷിയായി എയ്‌ഡൻ