കാസർകോട്:മഞ്ചേശ്വരത്ത് സദാചാര ആക്രമണം നടത്തിയതിന് രണ്ടുപേർ അറസ്റ്റിൽ. പ്രദേശവാസികളായ വിജിത്ത് (29), മുസ്‌തഫ (43) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സര്‍വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ നിന്ന് സ്വദേശത്തേക്ക് പോവാന്‍ സഹപ്രവർത്തകനൊപ്പം പുറത്തേക്ക് ഇറങ്ങിയ ജീവനക്കാരിക്ക് നേരെയാണ് ആക്രമണം.
മഞ്ചേശ്വരത്ത് യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം; രണ്ടുപേർ പിടിയില്‍ - മഞ്ചേശ്വരത്ത് സദാചാര ആക്രമണത്തില്‍ രണ്ടുപേർ പിടിയില്‍
കണ്ണൂർ സര്‍വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാരാണ് സദാചാര ആക്രമണത്തിന് ഇരയായ യുവതിയും യുവാവും
ചൊവ്വാഴ്‌ച(12.07.2022) വൈകിട്ട് അഞ്ച് മണിയോട് കൂടിയാണ് സംഭവം നടന്നത്. ബൈക്കിൽ പിന്നാലെ എത്തിയ സംഘം, ഈ പ്രദേശത്ത് ആണും പെണ്ണും ഒരുമിച്ച് നടക്കാൻ പാടില്ലെന്ന് താക്കീത് ചെയ്‌തു. ശേഷം, ഉദുമ സ്വദേശിയായ 29 കാരിയുടെ കൈയ്‌ക്ക് കടന്നുപിടിച്ചു. മൊബൈലില്‍ ദൃശ്യങ്ങൾ പകർത്തി. മതത്തിന്‍റെ പേരിലും ആക്രമികള്‍ ചോദ്യം ചെയ്‌തെന്ന് പരാതിക്കാര്‍ പറയുന്നു.
വാക്കേറ്റം രൂക്ഷമായതോടെ ഇടപെട്ട സഹപ്രവർത്തകനെയും മർദിച്ച സംഘം ബൈക്കിൽ രക്ഷപ്പെടുകയുണ്ടായി. തുടർന്ന്, യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് എടുത്ത പൊലീസ് ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൂട്ടുപ്രതിയ്‌ക്കായി അന്വേഷണം ഊർജിതം.