കാസര്‍കോട് :കോളിയടുക്കത്ത് ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന കെട്ടിടസമുച്ചയത്തിന്‍റെ നിര്‍മാണം നിലച്ചു. ആറ് മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നുള്ള വ്യവസ്ഥയിലാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനി കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ കരാര്‍ തുകയില്‍ കുടിശ്ശിക വന്നതോടെയാണ് നിര്‍മാണ കമ്പനി പദ്ധതി ഉപേക്ഷിച്ചത്.
44 ഭൂരഹിത കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് 2020 ഫെബ്രുവരിയില്‍ കോളിയടുക്കത്ത് ബഹുനില കെട്ടിടത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. ലൈറ്റ് ഗെയ്‌ജ് സ്‌റ്റീല്‍ ഫ്രെയിം എന്ന പ്രീ-ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം.
കരാര്‍ തുക കുടിശിക വരുത്തി, കാസര്‍കോട് നാൽപ്പത്തിനാല് കുടുംബങ്ങൾക്ക് വീടെന്ന സ്വപ്‌നത്തിന് ഇനിയും കാത്തിരിക്കണം നിര്‍മാണപ്രവൃത്തികള്‍ക്ക് ഭൂമി വിട്ട് നല്‍കിയതിനൊപ്പം, റോഡ്, വൈദ്യുതി, വെള്ളം ഉൾപ്പടെ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി നന്‍കാന്‍ പഞ്ചായത്ത് തയ്യാറാണ്. എന്നാല്‍ 6.64 കോടിയുടെ സ്വപ്‌ന പദ്ധതി പുനരാംരംഭിക്കാനാകുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഉറപ്പില്ല.
നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ച പദ്ധതി പ്രദേശം കാട് വളര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ്. സർക്കാരിന്റെ കാരുണ്യത്തിൽ മഴയും വെയിലും ഏൽക്കാതെ ജീവിതം തളിരിടാൻ കാത്തിരിക്കുന്നവർക്ക് നിരാശ മാത്രമാണ് ഫലം.