യൂത്ത് കോൺഗ്രസിന്‍റെ വേറിട്ട പ്രതിഷേധം കാസർകോട് : ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്ത ആശുപത്രിക്ക് മുന്നിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെയും മുൻ മന്ത്രി കെ.കെ ശൈലജയെയും പ്രതീകാത്മകമായെത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം നടന്നത്. പ്രവര്‍ത്തനമാരംഭിക്കാത്ത ആശുപത്രിക്ക് മുന്നിൽ രണ്ടാം വാർഷികാഘോഷം എന്ന പേരിൽ കേക്ക് മുറിച്ചും ചെണ്ട മേളത്തോടെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
2020 ഫെബ്രുവരി എട്ടിനാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്‌ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ഒന്നും നടന്നില്ലെന്നും സമരങ്ങൾ നടത്തിയിട്ടും ആശുപത്രിയുടെ പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.
വാഗ്‌ദാനത്തിലൊതുങ്ങിയ 'അമ്മയും കുഞ്ഞും' ആശുപത്രി: ആവശ്യമായ സംവിധാനങ്ങൾ ഒന്നും ഒരുക്കാതെ ആശുപത്രിയുടെ ഉദ്ഘാടനം നടത്തിയതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഓരോ തവണയും ആരോഗ്യമന്ത്രി ജില്ലയിലെത്തുമ്പോഴും അമ്മയുംകുഞ്ഞും ആശുപത്രി ഉടൻ തുറന്നുപ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത്, തീയതി പ്രഖ്യാപനം നടത്തുന്നതല്ലാതെ തുറന്ന് പ്രവർത്തിക്കേണ്ടത് സംബന്ധിച്ച് ഒരു കാര്യവും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
'ക്രമം തെറ്റിയ' നിയമനങ്ങള്‍: മൂന്ന് നിലകളിലായി 9.5 കോടി ചെലവിട്ടാണ് ആശുപത്രി കെട്ടിടം നിർമിച്ചത്. 205 ജീവനക്കാരെയാണ് ഇവിടേക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള നിയമനം സംബന്ധിച്ച് ആരോഗ്യവകുപ്പ് ധനവകുപ്പിന് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും തസ്തിക സൃഷ്ടിച്ചിരുന്നില്ല. അതേസമയം രണ്ട് ക്ലാർക്ക്, ഒരു ഫാർമസിസ്റ്റ് ഉള്‍പ്പടെ ആകെ 13 തസ്തികകള്‍ മാസങ്ങൾക്ക് മുമ്പേ സൃഷ്ടിക്കുകയും സ്റ്റാഫ് നഴ്സിൽ ഏഴിൽ രണ്ടുപേരെ നേരത്തേതന്നെ നിയമിക്കുകയും ചെയ്‌തിരുന്നു.
എല്ലാമുണ്ട് പക്ഷേ : സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സ, പ്രസവം - പ്രസവാനന്തര ചികിത്സ തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു മൂന്നുനിലകളിൽ കെട്ടിടം പണിതീർത്തത്. 45,000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നുനില കെട്ടിടത്തിൽ പരിശോധനാമുറി, അത്യാഹിത വിഭാഗം, ഫാർമസി, ശസ്ത്രക്രിയ വിഭാഗം, വാർഡുകൾ എന്നീ സൗകര്യങ്ങളുമുണ്ട്.