കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സാ രംഗത്ത് കേരളത്തിന് മാതൃകയായി കാസർകോട് - മാതൃകയായി കാസർകോട്

ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ തന്നെ നിർത്തി ഫലപ്രദമായി ചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യവകുപ്പ്.

kerala covid  kasargod covid  kasargod treatment  കൊവിഡ് ചികിത്സ  മാതൃകയായി കാസർകോട്  കാസർകോട്
കൊവിഡ് ചികിത്സാ രംഗത്ത് കേരളത്തിന് മാതൃകയായി കാസർകോട്

By

Published : Aug 18, 2020, 10:45 PM IST

കാസർകോട്: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇതോടെ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ വീടുകളിൽ തന്നെ ചികിത്സ നൽകുന്ന രീതി തുടരാൻ സംസ്ഥാന സർക്കാർ മാർഗനിർദേശം പുറത്തിറക്കി. നിർദേശപ്രകാരം കൃത്യമായ ആസൂത്രണം നടത്തിയാണ് ആരോഗ്യവകുപ്പും കാസർകോട് ജില്ലാ ഭരണകൂടവും വീടുകളിൽ ചികിത്സ ആരംഭിച്ചത്. താഴെ തട്ടിലുള്ള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജാഗ്രത സമിതികളേയും കോർത്തിണക്കിയാണ് ജില്ലാതലത്തിൽ ഏകോപനം നടത്തുന്നത്. കൊവിഡ് രോഗികളുടെ പട്ടിക അതാത് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൈമാറും. രോഗികളുമായി ആരോഗ്യപ്രവർത്തകർ നേരിട്ട് സംസാരിച്ച് ലക്ഷണങ്ങൾ ഇല്ലാത്തവരാണെങ്കിൽ വീടുകളിൽ ഐസൊലേഷൻ സൗകര്യം ഉണ്ടെന്ന് ജാഗ്രതാസമിതികൾ ഉറപ്പുവരുത്തിയതിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയോടുകൂടിയാണ് വീടുകളിൽ ചികിത്സ നടത്തുന്നത്.

ഇത്തരത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ നിൽക്കുന്നവരെ എല്ലാ ദിവസവും അതാത് മെഡിക്കൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുകയും റിപ്പോർട്ട് മെഡിക്കൽ ഓഫീസർമാർക്ക് കൈമാറുകയും ചെയ്യുന്നു. ഇതോടൊപ്പം പൊലീസ് വകുപ്പിന്‍റെ നീരിക്ഷണവും മേൽനോട്ടവും നടന്നുവരുന്നുണ്ട്. വീടുകളിൽ ചികിത്സയിൽ ഉള്ളവരുടെ അന്വേഷണത്തിന് മാത്രമായി ജില്ലാതലത്തിൽ കൺട്രോൾ സെല്ലിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടമാർ അടങ്ങിയ ടീമിന് പ്രത്യേക പരിശീലനം നൽകി നിയമിക്കുകയും ചെയ്‌തു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള വിദഗ്‌ധ സംഘം ജില്ലാ തലത്തിൽ മോണിറ്ററിങ് ടീം ആയി പ്രവർത്തിച്ചു വരുന്നു. രോഗികളുടെ രക്തത്തിലെ ഓക്‌സിജൻ അളവ്, പൾസ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാൻ ആവശ്യമായ പൾസ് ഓക്‌സിമീറ്റർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നു. ഇതിന്‍റെ റീഡിങ് പരിശോധിക്കുന്നത് എങ്ങനെയെന്ന് രോഗികൾക്ക് കൃത്യമായി പറഞ്ഞു കൊടുക്കുകയും റീഡിങ് വ്യത്യാസം വന്നാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ നിർദേശവും നൽകുന്നു.

ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉള്ളവരെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കോ, മറ്റ് കൊവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതിനും സംവിധാനമൊരുക്കി. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇത്തരത്തിൽ ചികിത്സ ആവശ്യമായ രോഗികൾക്ക് വേണ്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 151 പേരാണ് നിലവിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചെറുവത്തൂർ, ഉദുമ പഞ്ചായത്തുകളിലും, കാസർകോട് നീലേശ്വരം നഗരസഭകളിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ വീടുകളിൽ ചികിത്സയിലുള്ളത്. ജാഗ്രതാ സമിതികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയും വിവിധ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെയും ഈ പ്രവർത്തനം മികച്ച രീതിയിൽ മൂന്നോട്ട് കൊണ്ടു പോകാൻ സാധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ജില്ലാ കൺട്രോൾ സെല്ലുമായി 9946013321 എന്ന നമ്പറിൽ ബന്ധപ്പെടാം.

ABOUT THE AUTHOR

...view details