കാസര്‍കോട് :മെഡിക്കല്‍ കോളജിലെ അക്കാദമിക് കോളജില്‍ നഴ്‌സിങ് കോളജ് പ്രവര്‍ത്തനമാരംഭിച്ചു. ക്ലാസ് മുറികളോ ലാബുകളോ ഇരിക്കാന്‍ കസേരകളോ തുടങ്ങി യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇതോടെ മികച്ച അക്കാദമിക് പഠനം സ്വപ്‌നം കണ്ട് കാസർകോട്ടെത്തിയ വിദ്യാര്‍ഥികള്‍ നിരാശരായി. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി 60 കുട്ടികളാണ് കോളജില്‍ നഴ്‌സിങ്ങിനായി ചേര്‍ന്നത് (Kasaragod Govt Nursing College).
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ ലഭിക്കേണ്ട അക്കാദമിക് സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്ന് മാത്രമല്ല ക്ലാസ് മുറികള്‍ ഇല്ലാത്തതുകൊണ്ട് കെട്ടിടത്തിന് അകത്ത് നിര്‍മിച്ച താത്‌കാലിക ഹാളിലാണ് ക്ലാസുകള്‍ പുരോഗമിക്കുന്നത്. ഹാളില്‍ ഇരിക്കാനാണെങ്കില്‍ കസേരയുമില്ല. കോളജ് ഓഡിറ്റോറിയത്തിനായി എത്തിച്ച കസേരകളിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഇരിക്കുന്നത് (Lack Of Basic Facilities In Govt Nursing College).
ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തത് കൊണ്ട് കെട്ടിടത്തില്‍ താത്‌കാലികമായി സജ്ജമാക്കിയ കെട്ടിടത്തിലാണ് വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ നിലവില്‍ താമസ സൗകര്യം ഒരുക്കിയിട്ടുമില്ല. സാധാരണ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജുകളില്‍ ലഭിക്കേണ്ട കാന്‍റീന്‍ സൗകര്യം ഇല്ലാത്തതിലും ഏറെ പ്രയാസത്തിലാണ് വിദ്യാര്‍ഥികള്‍. നിലവില്‍ തിയറി ക്ലാസുകളാണ് നടക്കുന്നത്. പ്രായോഗിക പഠനത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തണം. കോളജില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് ജനറല്‍ ആശുപത്രി. ഇതിനെല്ലാം പുറമെ കോളജിലേക്ക് ശരിയായ ഗതാഗത സൗകര്യവും ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളെയും ഏറെ വലയ്‌ക്കുന്നുണ്ട് .