കാസർകോട്:ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായ സംഭവത്തില്‍, ആശുപത്രി സൂപ്രണ്ടിനെ സംരക്ഷിച്ച് ആരോഗ്യ വകുപ്പ്. അന്വേഷണത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് കണ്ടെത്തിയെങ്കിലും സൂപ്രണ്ട് ഡോ. കെകെ രാജാറാമിനെതിരെ നടപടിയില്ലെന്നാണ് ആക്ഷേപം. ഡോ. കെകെ രാജാറാമിനെ കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസറായി നിയമിക്കുകയും ചെയ്‌തു.
ഈ മാസം അവസാനത്തോടെ ചുമതല ഏറ്റെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അലംഭാവം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ് സ്ഥാനക്കയറ്റം നല്‍കിയെന്നാണ് ആക്ഷേപം. രണ്ട് മാസം മുന്‍പാണ് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായത്. രോഗികളെ ചുമട്ടുതൊഴിലാളികൾ ചുമന്ന് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.
ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രിയിലെത്തി തകരാര്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിരന്തരം മാധ്യമ വാര്‍ത്തകള്‍ വന്നതോടെ സംസ്ഥാന നിയമ സേവന അതോറിറ്റി ജില്ല അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
സ്ഥാനക്കയറ്റം, ലിഫ്‌റ്റില്‍ തീരുമാനമില്ലാതെ:ജില്ല ജഡ്‌ജി ആശുപത്രിയിലെത്തി പരിശോധന നടത്തി. ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍, ലിഫ്റ്റിന്‍റെ തകരാര്‍ സംബന്ധിച്ച് വകുപ്പ് അധികാരികളോടും ഡയറക്‌ടറേറ്റിലേക്കും അറിയിക്കുന്നതില്‍ ആശുപത്രി സൂപ്രണ്ടിന് സംഭവിച്ച വീഴ്‌ച വ്യക്തമായി സൂചിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ ജോസ് ഡിക്രൂസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും സൂപ്രണ്ടിന്‍റെ അലംഭാവം വ്യക്തമാക്കിയിരുന്നു. ലിഫ്റ്റ് പുനസ്ഥാപിക്കുന്ന നടപടി പോലും എടുക്കുന്നത്തിന് മുന്‍പാണ് സൂപ്രണ്ടിന് സ്ഥാനകയറ്റം.
ALSO READ |കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്‌റ്റ് കേടായ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി, ചുമതല അഡിഷണല്‍ ഡയറക്‌ടര്‍ക്ക്
ഏപ്രില്‍ 30നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഡോ. ജോസ് ഡിക്രൂസിന് നിര്‍ദേശം നല്‍കിയത്. ആരോഗ്യ വകുപ്പ് വിജിലന്‍സിന്‍റെ ചുമതല വഹിക്കുന്ന അഡിഷണല്‍ ഡയറക്‌ടറാണ് അദ്ദേഹം. ലിഫ്റ്റ് അടിയന്തരമായി പുനസ്ഥാപിക്കാനും അതിന്‍റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ പരിശോധിക്കുന്നതിനും വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഗുരുതര വീഴ്‌ചയെന്ന് ജില്ല സബ് ജഡ്‌ജിന്‍റെ റിപ്പോർട്ട്:ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് വിവാദത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ച. ജില്ല സബ് ജഡ്‌ജിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികൾക്കായി പകരം സംവിധാനം ഒരുക്കാനും സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ജില്ല സബ് ജഡ്‌ജ് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാൽ ആശുപത്രിയിൽ മരിച്ച ആളുടെ മൃതദേഹം ചുമട്ടുതൊഴിലാളികൾ ചുമന്ന് താഴെ എത്തിച്ചത് വൻ വിവാദമായിരുന്നു. പിന്നാലെയാണ് ജില്ല സബ് ജഡ്‌ജ് ബി കരുണാകരന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദർശിച്ചത്. ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്ന ദുരിതം അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ALSO READ |കാസർകോട് ജനറൽ ഹോസ്‌പിറ്റലിൽ ലിഫ്റ്റ് കേടായ സംഭവം: ആശുപത്രി അധികൃതരുടെ വീഴ്‌ചയെന്ന് റിപ്പോർട്ട്