കാസർകോട്:ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി കാസർകോടേക്ക് ലഹരി ഒഴുകുന്നു. എട്ട് മാസത്തിനിടയിൽ 719 കേസുകളിലായി 850 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 701 ഗ്രാം എം.ഡി.എം.എയും (Methylenedioxymethamphetamine), 193 കിലോ കഞ്ചാവും, 152 ഗ്രാം ഹാഷിഷ് ഓയിലുമാണ് പൊലീസ് പിടികൂടിയത്.
എട്ട് മാസത്തിനിടെ കാസർകോട് രജിസ്റ്റര്‍ ചെയ്‌തത് 719 ലഹരിമരുന്ന് കേസുകള്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. ജില്ലയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരിൽ 80 ശതമാനവും 20 നും 40 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്ന് പൊലീസ് പറയുന്നു. അതിർത്തി പ്രദേശങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വിൽപന വ്യാപകമായി നടക്കുന്നത്. ലഹരിക്കടത്ത് സംഘങ്ങളിലെ മുഖ്യ കണ്ണികളായ നൂറിലധികം പേർ പൊലീസ് നിരീക്ഷണത്തിലാണ്.
വിവിധയിടങ്ങളില്‍ പരിശോധന തുടരുന്നു:ഓഗസ്റ്റ് 17 ന് കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലടക്കം പിടിയിലായവരുടെ കൈയില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിക്കടത്ത് കൂടിയതോടെ പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ശക്തമായ പരിശോധന തുടരുകയാണ് പൊലീസ്. അതിർത്തി പ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.
ഒരു മാസത്തിനിടെ മാത്രം 121 ലഹരിക്കടത്ത് കേസുകളാണ് കാസർകോട് രജിസ്റ്റർ ചെയ്‌തത്. ഇതിൽ 75 കേസുകളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എയാണ് പിടികൂടിയത്. 'ക്ലീൻ കാസർകോട്' എന്ന പേരിലാണ് ജില്ലയിൽ പൊലീസിന്‍റെ വ്യാപക പരിശോധന പുരോഗമിക്കുന്നത്.