കാസര്‍കോട്: കോറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് കാസര്‍കോട് രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് രണ്ട് പേര്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ 83 പേര്‍ കഴിയുന്നുണ്ട്. ഇതുവരെയായി ആകെ 14 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതില്‍ രണ്ട് റിപ്പോര്‍ട്ടുകളില്‍ ഒരെണ്ണം പോസിറ്റീവും മറ്റൊരെണ്ണം നെഗറ്റീവുമാണ്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
കാസര്‍കോട് രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
കാസര്‍കോട് നിലവില്‍ മൂന്ന് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ജില്ലയില്‍ 83 പേരാണ് വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്
നിലവില്‍ കോറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ട മെഡിക്കല്‍ വിദ്യാര്‍ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇനി റിപ്പോര്‍ട്ട് വരാന്‍ ബാക്കിയുള്ളവരില്‍ ഒരാള്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടയാളുടെ സഹപാഠിയാണ്. ഇവര്‍ രണ്ട് പേരും കഴിഞ്ഞ മാസം 27നാണ് നാട്ടിലെത്തിയത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ ചൈനയില്‍ നിന്നാണ് വന്നതെങ്കിലും വുഹാന്‍ പ്രദേശത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന പരിപാടികള്‍ പരമാവധി കുറക്കണമെന്നും ആള്‍ക്കൂട്ടങ്ങളുമായി ഇടപഴകുമ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.