കാസര്‍കോട്: ശക്തമായ ത്രികോണ മത്സരത്തിന്‍റെ ആവേശമുയരുമ്പോള്‍ വാദപ്രതിവാദങ്ങളുമായി കാസര്‍കോട്ടെ മുന്നണി സ്ഥാനാര്‍ഥികള്‍. വികസനമെന്ന അജണ്ടയിലൂന്നിയുള്ള പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികളെന്ന് വ്യക്തമാക്കുന്നതാണ് കാസര്‍കോട് പ്രസ് ക്ലബിന്‍റെ പഞ്ചസഭ മുഖാമുഖത്തിലുയര്‍ന്ന വാക്പോര്. ജില്ലാ ആസ്ഥാനമുള്‍ക്കൊള്ളുന്നതാണ് കാസര്‍കോട് മണ്ഡലം. കഴിഞ്ഞ കാലങ്ങളിലെ വികസനത്തിന്‍റെ കണക്കുകള്‍ നിരത്തിയാണ് യുഡിഎഫ് ഇക്കുറി ജനങ്ങളെ സമീപിക്കുന്നത്. അടിസ്ഥാന വികസന പ്രശ്നങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎയുടെയും ഇടതുമുന്നണിയുടെയും തെരഞ്ഞെടുപ്പ് പോരാട്ടം.
''പഞ്ചസഭ"യിൽ വാദപ്രതിവാദങ്ങളുമായി കാസര്‍കോട്ടെ സ്ഥാനാര്‍ഥികള്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള മണ്ഡലത്തില്‍ മികച്ച ആരോഗ്യ കേന്ദ്രം വേണമെന്ന കാര്യത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും ഏകാഭിപ്രായമായിരുന്നു
തെരഞ്ഞെടുപ്പ് ചൂടേറുമ്പോഴാണ് മൂന്ന് സ്ഥാനാര്‍ഥികളും ഒരുമിച്ച് ഒരു വേദിയില്‍ എത്തിയത്. വികസന നേട്ടങ്ങളുയര്‍ത്തിയ എന്‍.എ.നെല്ലിക്കുന്നിനെ മണ്ഡലത്തിലെ അടിസ്ഥാന ആവശ്യങ്ങളുയര്‍ത്തിയാണ് മറ്റു രണ്ടു സ്ഥാനാര്‍ഥികളും പ്രതിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള മണ്ഡലത്തില്‍ മികച്ച ആരോഗ്യ കേന്ദ്രം വേണമെന്ന കാര്യത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും ഏകാഭിപ്രായമായിരുന്നു. കേരളത്തിനനുവദിച്ച എയിംസ് കാസര്‍കോട് സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് സ്ഥാനാര്‍ഥികള്‍ പറഞ്ഞു.
പ്രചാരണ തിരക്കുകള്‍ക്കിടയിലെ അപ്രതീക്ഷമായുള്ള ഈ ഒത്തുചേരലില്‍ സൗഹൃദം പങ്കിടാനും സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തി. മത്സരം കനക്കുമ്പോഴും സ്നേഹ സൗഹാര്‍ദ്ദങ്ങള്‍ക്ക് കോട്ടം തട്ടില്ലെന്ന് തെളിയിക്കുന്നത് കൂടിയായി മാറി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭ.