കാസര്‍കോട്: പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിൽ നിർണായക വഴിത്തിരിവ്. കെ.സുരേന്ദ്രന്‍റെ അടുത്ത അനുയായി സുനിൽ നായ്ക്ക് ഉൾപ്പെടെ ഉള്ളവർ തനിക്ക് രണ്ടര ലക്ഷം രൂപ തന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് സുന്ദര പൊലീസിന് മൊഴി നൽകി. സംഭവം സംബന്ധിച്ച പ്രാഥമികാന്വേഷണത്തിലാണ് സുനിൽ ഉൾപ്പെടെ ഉള്ള ബിജപി നേതാക്കൾക്കെതിരെ സുന്ദര മൊഴി നൽകിയത്. മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർഥിയായി നൽകിയ പത്രിക പിൻവലിക്കുന്നതിന് പ്രതിഫലമായി പണവുമായി വീട്ടിലെത്തിയത് സുനിൽ നായ്ക്കുൾപ്പെട്ട ബിജെപി സംഘമാണെന്നാണ് സുന്ദര പൊലീസിനോട് പറഞ്ഞു.
മാർച്ച് 21ന് സുനിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ സുന്ദരയുടെ വീട്ടിൽ പോയതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സുന്ദരയ്ക്കും, അമ്മയ്ക്കും ഒപ്പം സുനിലും മറ്റു രണ്ട് പേരും നിൽക്കുന്നതാണ് ഫോട്ടോ. ഫോട്ടോയിൽ കാണുന്നവരാണ് പണം നൽകിയതെന്ന് സുന്ദര തിരിച്ചറിഞ്ഞു. ഇതോടെ സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം കൈമാറിയതിനു പിന്നിലെ ഉന്നത ബന്ധങ്ങളിൽ കൂടുതൽ വ്യക്തത പൊലീസിന് കൈവന്നിട്ടുണ്ട്. കൊടകര കുഴൽ പണകേസിൽ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത ആളാണ് സുനിൽ നായ്ക്ക്.