കാസര്‍കോട്: ഇത് കാസര്‍കോട് കാറഡുക്ക ബളക്കയിലെ 38 വയസുകാരന്‍ രാധാകൃഷ്‌ണന്‍. തന്‍റെ ശരീരത്തെ കാര്‍ന്നു തിന്നു തുടങ്ങിയ അര്‍ബുദമെന്ന വിപത്തിനോട് മല്ലിടുകയാണ് രാധാകൃഷ്‌ണന്‍. കൂലിവേലയെടുത്ത്, ഭാര്യക്കും മകനും സഹോദരങ്ങള്‍ക്കുമൊപ്പം കുടുംബജീവിതം നയിക്കുന്നതിനിടെയാണ് വില്ലനായി അര്‍ബുദം കടന്നു വന്നത്. കാന്‍സര്‍ കോശങ്ങള്‍ ശരീരത്തെ കീഴടക്കുന്നതിന് മുന്‍പ് ചികിത്സ നടത്തണം. പക്ഷേ, ഭാരിച്ച ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്. രോഗികള്‍ക്ക് കാരുണ്യഹസ്‌തമായിരുന്ന കാരുണ്യ പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കാതെ വന്നതോടെ തുടര്‍ചികിത്സ മുടങ്ങുമോ എന്ന ആശങ്കയിലാണ് രാധാകൃഷ്‌ണന്‍.
കാരുണ്യം ചൊരിയാതെ 'കാരുണ്യ'; തുടര്‍ചികിത്സക്ക് വഴിമുട്ടി അര്‍ബുദരോഗി - karunya benevolent scheme
കാരുണ്യ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കാതായതോടെ രോഗികള്‍ ദുരിതത്തില്‍
ആരോഗ്യകാര്‍ഡ് കൊണ്ടും ഫലമുണ്ടാകുന്നില്ലെന്ന് രാധാകൃഷ്‌ണന്‍ പറയുന്നു. മലദ്വാരത്തില്‍ അനുഭവപ്പെട്ട വേദനയാണ് രാധാകൃഷ്‌ണനെ തിരുവനന്തപുരം കാന്‍സര്‍ സെന്‍ററിലെത്തിച്ചത്. അസഹ്യമായ വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. എംആര്‍ഐ സ്‌കാനിങ് അടക്കം കഴിഞ്ഞിട്ടും കാന്‍സറിനുള്ള ചികിത്സ ഇനിയും ആരംഭിക്കാനായിട്ടില്ല. നിലവില്‍ കാരുണ്യപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കാത്തതിനാല്‍ രാധാകൃഷ്‌ണനെ പോലെയുള്ള നിരവധി രോഗികളാണ് പ്രയാസപ്പെടുന്നത്.