കേരളം

kerala

ETV Bharat / state

Karkidaka Theyyam Kerala | ഒഴിഞ്ഞു പോകട്ടെ ആധിയും വ്യാധിയും..! വടക്കന്‍ മലബാറില്‍ കര്‍ക്കടക തെയ്യക്കാലം - തെയ്യം

ശിവൻ, പാർവതി, അർജുനൻ എന്നീ പുരാണ കഥാപാത്രങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ് കര്‍ക്കടക തെയ്യങ്ങള്‍. തെയ്യങ്ങള്‍ വീട്ടിലെത്തി കൊട്ടിയാടിയാല്‍ കഷ്‌ടതകള്‍ അകന്നു പോകുമെന്നാണ് വിശ്വാസം

കര്‍ക്കടക തെയ്യക്കാലം  തെയ്യക്കാലം  വടക്കന്‍ മലബാറില്‍ ഇത് കര്‍ക്കടക തെയ്യക്കാലം  കര്‍ക്കടക തെയ്യങ്ങള്‍  Karkidaka Theyyam Kerala  Theyyam Kerala  മലയൻ സമുദായക്കാർ  വണ്ണാൻ സമുദായക്കാർ  നളിക്കത്തായ സമുദാക്കാർ  തെയ്യം  ഗളിഞ്ചൻ തെയ്യം
പഞ്ഞമാസത്തിലെ കഷ്‌ടതയകറ്റാന്‍ കര്‍ക്കട തെയ്യം

By

Published : Jul 22, 2023, 1:24 PM IST

പഞ്ഞമാസത്തിലെ കഷ്‌ടതയകറ്റാന്‍ കര്‍ക്കട തെയ്യം

കാസർകോട്: കർക്കടക മാസം എത്തിയാൽ ഗ്രാമീണതയുടെ മനോഹര കാഴ്‌ചയാണ് കർക്കടക തെയ്യങ്ങൾ. നാട്ടു വഴികളിലൂടെയും പാടവരമ്പിലൂടെയും എത്തുന്ന കർക്കടക തെയ്യങ്ങൾ വടക്കേ മലബാറിന്‍റെ മാത്രം പ്രത്യേകതയാണ്. ശിവൻ, പാർവതി, അർജുനൻ എന്നീ പുരാണ കഥാപാത്രങ്ങളെ അനുസ്‌മരിപ്പിച്ച് മൂന്നു തെയ്യങ്ങളാണ് പഞ്ഞ മാസമായ കർക്കടകത്തിലെ ആധികളും വ്യാധികളും ആടിയൊഴിപ്പിക്കാന്‍
വീടുകളിൽ എത്തുന്നത്.

മലയൻ സമുദായക്കാർ ആടിവേടൻ (ശിവൻ ) തെയ്യവും വണ്ണാൻ സമുദായക്കാർ വേടത്തി (പാർവതി) തെയ്യവും കോപ്പാള അഥവ നളിക്കത്തായ സമുദാക്കാർ ഗളിഞ്ചൻ (അർജുനൻ ) തെയ്യവുമാണ് കെട്ടിയാടുന്നത്. കണ്ണൂർ മുതൽ കാസർകോട്-കർണാടക അതിർത്തി വരെ കർക്കടക തെയ്യങ്ങൾ വീടുകളിൽ എത്താറുണ്ട്. കവുങ്ങിൻ തോട്ടങ്ങളും നെൽപാടങ്ങളും കൈതോടുകളും കൊണ്ട് സമ്പന്നമായ തുളുനാട്ടിൽ ഒറ്റചെണ്ടയുടെ താളത്തിൽ കർക്കടക തെയ്യങ്ങളുടെ വരവ് അതിമനോഹര കാഴ്‌ചയാണ്.

തെയ്യ പുറപ്പാടിലെ വ്യത്യാസങ്ങള്‍:കാസർകോട് ജില്ലയിൽ ദോഷങ്ങളകറ്റാൻ വീടുകളിൽ തെയ്യം എത്തിത്തുടങ്ങുന്ന ദിവസങ്ങൾക്ക് പ്രാദേശിക അടിസ്ഥാനത്തിൽ ചില മാറ്റമുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്ല, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കടകം ഒന്നിനാണ് തെയ്യം ഇറങ്ങുക. ആദൂർ പഞ്ചലിംഗേശ്വര ക്ഷേത്രം, കുണ്ടാർ മഹാവിഷ്‌ണു ക്ഷേത്രം, മൊട്ടത്തിങ്കാൽ നരസിംഹ മൂർത്തി ക്ഷേത്രം തുടങ്ങിയവയുടെ പരിധിയിലാണ് ഈ പ്രദേശങ്ങൾ.

അതേസമയം, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രപരിധിയിൽ ഗുളികൻ തെയ്യംകെട്ട് കഴിഞ്ഞതിന് ശേഷമാണ് തെയ്യങ്ങളുടെ പുറപ്പാട്. എന്നാൽ പുഴയുടെ മറുകരയിൽ തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ 16 മുതലാണ് പുറപ്പാട്.

സമുദായത്തിലെ ഇളയ തലമുറയിൽപ്പെട്ടവരാണ് കോലമണിയുക.
രാവിലെ ആറരയോടെ വേഷങ്ങളണിഞ്ഞ് പുറപ്പെടും. സന്ധ്യക്കു മുൻപ് തിരിച്ചെത്തി വേഷമഴിക്കണം. വീടുകളിൽ നിന്ന് ദക്ഷിണയായി ലഭിക്കുന്ന പണം, അരി, പച്ചക്കറി, നെല്ല് തുടങ്ങിയവയാണ് ഇവരുടെ ചെറുവരുമാനം.

'ഗുരിശി'ക്കൊപ്പം ഒഴിഞ്ഞു പോകുന്ന വ്യാധികള്‍:തെയ്യം രാവിലെ ഒരു ദേശത്തെത്തിയാൽ അവിടെയുള്ള ക്ഷേത്രം, ദേവസ്ഥാനം, കാവുകൾ എന്നിവയില്‍ ഏതെങ്കിലുമൊരിടത്താണ് ആദ്യം ചെണ്ടകൊട്ടിയാടുക. തുടർന്നാണ് വീടുകളിൽ കയറിയിറങ്ങുന്നത്. ചെണ്ടയുടെ താളവും തെയ്യങ്ങളുടെ മണി ശബ്‌ദവും കാൽച്ചിലങ്കക്കിലുക്കവും തോറ്റം പാട്ടും അയൽവീട്ടുമുറ്റത്തു നിന്ന് കേട്ടാൽ അടുത്ത വീട്ടിലും തെയ്യത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാകും.

പൂജാമുറിയിൽ നിലവിളക്ക് തെളിക്കും. വീട്ടുകാരുടെ അനുവാദം തേടിയ ശേഷമാണ് തെയ്യം ചെണ്ടയുടെ താളത്തിനു ചുവടുവയ്ക്കുക. തെയ്യം ആടിക്കഴിഞ്ഞാൽ തളികയും കത്തിച്ച തിരിയുമായി വീട്ടിലെ മുതിർന്ന സ്ത്രീ മുറ്റത്തെത്തും. തളികയിലുള്ള 'ഗുരിശി'യെ ഉഴിഞ്ഞു മുറ്റത്ത് ഒഴിക്കും.
ഇതിനോടൊപ്പം കർക്കടക ദോഷങ്ങൾ, അസുഖങ്ങൾ, വ്യാധികൾ തുടങ്ങിയ കഷ്‌ടതകളെല്ലാം പോയിമറയുമെന്നാണ് വിശ്വാസം. മൂന്ന് തെയ്യത്തിനും വ്യത്യസ്‌ത ഗുരിശിയാണ് ചെയ്യാറ്.

മലയസമുദായ തെയ്യം എത്തിയാൽ തളികയിൽ ശുദ്ധജലമെടുത്ത് ഭസ്‌മം കലക്കുന്നതാണ് ഗുരിശി. വണ്ണാൻ സമുദായ തെയ്യമെത്തിയാൽ മഞ്ഞപ്പൊടിയും നൂറും (ചുണ്ണാമ്പ്) കലക്കി ഒഴിക്കുന്നു. കോപ്പാള സമുദായ തെയ്യം എത്തിയാൽ അടുപ്പിലെ വെണ്ണീർ (ചാരം) കലക്കി ഗുരുശി തയ്യാറാക്കി ഒഴിക്കുന്നു. തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് മറിക്കുന്നു.

കാസർകോട് ജില്ലയിലെ മാത്രം പ്രത്യേകയാണ് കർക്കടകത്തിലെ ഗളിഞ്ചൻ തെയ്യം. കോപ്പാളർ കെട്ടുന്ന തെയ്യമാണ് ഗളിഞ്ചൻ തെയ്യം. കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലാണ് ഈ തെയ്യം കണ്ടു വരുന്നത്. നളിക്കത്തായ സമുദായം എന്നാണ് കോപ്പാളരുടെ യഥാർഥ സമുദായപ്പേര്.

ABOUT THE AUTHOR

...view details