കണ്ണൂര്‍ :ലോട്ടറി സമ്മാനമായി കോടികള്‍ ലഭിക്കുന്നത് സാധാരണമാണ്. എന്നാല്‍, കോടികള്‍ ലഭിക്കാതെ കോടിക്കണക്കിന് രൂപ ചെലവിട്ട് ലോട്ടറി ടിക്കറ്റുകള്‍ എടുത്ത ആളെക്കുറിച്ച് കേട്ടിട്ടുണ്ടോ ?. അങ്ങനെയൊരാള്‍ കണ്ണൂരിലെ കരിവള്ളൂരിലൂണ്ട്. ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന പിപി രാഘവനാണ് ലോട്ടറിയടിക്കാത്ത 'കോടീശ്വരന്‍'.
മൂന്നരക്കോടി രൂപയിൽ അധികം ചെലവഴിച്ചാണ് 70 കാരനായ രാഘവന്‍ ഇതുവരെ ലോട്ടറി ടിക്കറ്റുകളെടുത്തത്. 18ാമത്തെ വയസില്‍ ടിക്കറ്റുകൾക്ക് കേവലം ഒരു രൂപയുണ്ടായിരുന്ന കാലത്ത് തുടങ്ങിയതാണ് ഈ ശീലം. അതായത് 1970ല്‍. അത് ഇപ്രാവശ്യത്തെ ഓണം ബംപറിലും തെറ്റിച്ചില്ല. ദിവസവും പത്തിൽ കുറയാതെ ടിക്കറ്റുകൾ എടുക്കാറുണ്ട്.
ലോട്ടറി അടിച്ചില്ലെങ്കിലും രാഘവന്‍ ഇതുവരെ എടുത്തത് മൂന്നര കോടിയുടെ ടിക്കറ്റുകള്‍ പൊന്നുപോലത്തെ ടിക്കറ്റുകള്‍ :നേരത്തെ നട്ടെല്ലിനേറ്റ ക്ഷതവും ജീവിതശൈലീ രോഗങ്ങളും രാഘവനെ അലട്ടുന്നുണ്ട്. ഇക്കാരണത്താല്‍, കാഠിന്യം കൂടിയ ജോലികളൊന്നും ചെയ്യാനാവില്ലെങ്കിലും പറ്റുന്ന കൂലിപ്പണികള്‍ക്ക് പോവാറുണ്ട്. ഇങ്ങനെ കിട്ടുന്ന പണത്തിന്‍റെ ഒരു വിഹിതമെടുത്താണ് ലോട്ടറിയെടുക്കാറുള്ളത്. ഇത്രയേറെ ലോട്ടറി ടിക്കറ്റുകൾ എടുത്തിട്ടും നാളിതുവരെ 5000 രൂപയോ അതില്‍ കുറവോ മാത്രമാണ് സമ്മാനത്തുകയായി ലഭിച്ചിട്ടുള്ളൂവെന്ന ചെറിയൊരു പരിഭവം ഇദ്ദേഹത്തിനുണ്ട്.
പക്ഷേ, ഇതൊന്നും കാര്യമായി പ്രകടിപ്പിക്കാതെ ടിക്കറ്റുകൾ എടുക്കാൻ തുടങ്ങിയ കാലം തൊട്ട് ഇന്നോളമുള്ളതെല്ലാം പൊന്നുപോലെ കാത്തുവച്ചിട്ടുണ്ട് ഈ 70 കാരന്‍. ചാക്കുകളിലും ബാഗുകളിലുമാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. കത്തിച്ചുകളഞ്ഞുകൂടേയെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം തന്‍റെ സന്തോഷ മരുന്നുകളാണെന്നാണ് രാഘവന്‍റെ മറുപടി.
ഇതിന് ഭാര്യ ശാന്തയുടെ പൂര്‍ണ പിന്തുണയുമുണ്ട്. അടിക്കാത്ത ടിക്കറ്റുകൾ ഓരോന്നും പുറത്തെടുത്ത് കാണിക്കുമ്പോൾ രാഘവന്‍റെ മുഖത്ത് വിരിയുന്ന തിളക്കം ബംപർ അടിച്ചതിന് തുല്യമാണ്. ഈ അഭിനിവേശം തന്നെയാണ് രാഘവനെ വീണ്ടും വീണ്ടും ടിക്കറ്റുകളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.