കേരളം

kerala

ETV Bharat / state

വിലക്ക് പൊട്ടിച്ച് ഹരിജന്‍ കുട്ടികളും മറക്കുട നീക്കി അന്തര്‍ജനങ്ങളും പഠിച്ചു, സ്വാതന്ത്ര്യ സമരത്തിലെ വിദ്യാലയ വിപ്ലവം - മറക്കുട

മഹാത്മ ഗാന്ധി വിഭാവനം ചെയ്‌ത ദേശീയ വിദ്യാലയത്തിന്‍റെ മാതൃകയിലാണ് കാസര്‍കോട്ട് 1926ല്‍ വിദ്വാൻ പി കേളു നായർ വിജ്ഞാനദായിനി ദേശീയ വിദ്യാലയം സ്ഥാപിച്ചത്. സ്വാതന്ത്ര്യസമര പോരാട്ടത്തിനുള്ള ആവേശ തീജ്വാല പകരാന്‍ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചു

Kanhangad Vijnanadayini school history in indian Independence  indian Independence  Kanhangad Vijnanadayini school  കാഞ്ഞങ്ങാട് വിജ്ഞാനദായിനി സ്‌കൂളും സ്വാതന്ത്ര്യ സമര ചരിത്രവും  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം  75 years of independence  75 years of independence wishes  കാസര്‍കോട് ഇന്നത്തെ വാര്‍ത്ത  kasargode todays news  Kanhangad Vijnanadayini school in indian Independence history
വിലക്ക് പൊട്ടിച്ച് ഹരിജന്‍ കുട്ടികളും മറക്കുട നീക്കി 'അന്തര്‍ജനങ്ങളും' പഠിച്ചു; സ്വാതന്ത്ര്യ സമരത്തിലെ വിദ്യാലയ വിപ്ലവം

By

Published : Aug 13, 2022, 6:37 AM IST

കാസര്‍കോട്:ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ ഒരു പ്രധാന സമരവേദിയായിരുന്നു കാസര്‍കോട് കാഞ്ഞങ്ങാട്. ഇതിന്‍റെ ഭാഗമായി തന്നെ ദേശീയ വിദ്യാഭ്യാസ പ്രചരണത്തിന്‍റെ സിരാകേന്ദ്രവും കാഞ്ഞങ്ങാട് തന്നെയായിയിരുന്നു. വെള്ളിക്കോത്ത് പ്രദേശത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായാണ് സ്ഥാപിച്ചത്. 1926ല്‍ വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ സംസ്‌കൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളായിരുന്നു പില്‍ക്കാലത്ത് സ്വാതന്ത്ര്യസമര സേനാനികളായിത്തീര്‍ന്ന കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ തുടങ്ങിയവര്‍.

സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയ കാഞ്ഞങ്ങാട്ടെ ഒരു വിദ്യാലയത്തെക്കുറിച്ച് അറിയാം

ഗാന്ധിജി വിഭാവനം ചെയ്‌ത ദേശീയ വിദ്യാലയത്തിന്‍റെ മാതൃകയിലാണ് കാഞ്ഞങ്ങാട്ടെ വിജ്ഞാനദായിനിയും നിര്‍മിച്ചിട്ടുള്ളത്. വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ ദേശീയ വിദ്യാലയം, സ്വാതന്ത്ര്യസമരചരിത്രം വിളിച്ചോതുന്നതാണ്. അക്കാലത്ത് യോഗങ്ങൾ ചേർന്ന ആൽമരം പ്രദേശത്ത് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നുണ്ട്. ചരിത്രങ്ങൾ ചിത്രങ്ങളായി ചുമരിൽ ഇടംപിടിച്ചിരിക്കുന്നു. 1926 ഏപ്രിൽ 17ന് എ.സി കണ്ണൻ നായർ ശിലാസ്ഥാപനം നടത്തിയ വിദ്യാലയം അതേവർഷം തന്നെയാണ് പ്രവർത്തനമാരംഭിച്ചത്.

അയിത്തോച്ചാടനത്തില്‍ മുഖ്യ പങ്ക്:ദേശീയ വിദ്യാഭ്യാസ പ്രചരണത്തിനായാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും പിന്നീട് ദേശീയപ്രസ്ഥാനത്തിന്‍റെ കേന്ദ്രം തന്നെയായി അത് മാറി. ഇവിടുത്തെ ആദ്യകാല അധ്യാപകരും വിദ്യാർഥികളും പഠനത്തോടൊപ്പം അയിത്തോച്ചാടനം പോലെയുള്ള സാമൂഹ്യ മുന്നേറ്റങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ട്. വെള്ളിക്കോത്ത്‌ പ്രദേശത്ത് 1921ൽ എ.സി കണ്ണൻ നായരും വിദ്വാൻ പി കേളുനായരും ചേർന്ന്‌ ദേശീയ പ്രസ്ഥാന സന്ദേശം പ്രചരിപ്പിക്കാൻ ഒരു വായനശാല ആരംഭിച്ചിരുന്നു. അവിടത്തന്നെയാണ് ദേശീയ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വിജ്ഞാനദായിനി എന്ന പേരിൽ സംസ്‌കൃത വിദ്യാലയം തുടക്കം കുറിച്ചതും.

അഖിലേന്ത്യ തലത്തിൽ ഇത്തരം സ്‌കൂളുകൾ നിലവിൽ വരുന്നതിന്‍റെ ഭാഗമായാണ്‌ വിജ്ഞാനദായിനിയുടെയും പിറവി. ആദ്യ ഘട്ടത്തില്‍ 95 കുട്ടികളാണ് വിദ്യാലയത്തില്‍ ചേര്‍ന്നത്. ഭാരത മാതാവിനും ഗാന്ധിജിക്കും ജയ്‌ വിളിച്ചാണ്‌ സ്‌കൂൾ ആരംഭിച്ചത്‌. സി.ആർ ദാസ്‌, വിവേകാനന്ദൻ, ടാഗോർ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്‌കൂളിൽ തൂക്കുകയുണ്ടായി. നമ്പൂതിരി പെൺകുട്ടികളും മറക്കുട നീക്കി സ്‌കൂളിലെത്തി. ഹരിജൻ കുട്ടികൾക്കും പ്രവേശനം നൽകി. അങ്ങനെ വലിയ തോതില്‍ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമായി.

ഫണ്ട് കണ്ടെത്താന്‍ പെടാപ്പാട്:അങ്ങനെയിരിക്കെ, സി എം നാരായണി എന്ന കുട്ടി തൊട്ടുകൂടായ്‌മക്കെതിരെ സ്‌കൂളിൽ സംസാരിച്ചു. ഇത്‌ നാട്ടിലെ സവർണരായ പ്രമാണിമാരെ വല്ലാതെ ഞെട്ടിക്കുകയുണ്ടായി. വിദ്യാലയത്തിന് ഫണ്ട്‌ സ്വരൂപിക്കാൻ കുട്ടികൾ നിരവധി നാടകങ്ങളാണ് അവതരിപ്പിച്ചത്. പുരോഗമന ആശയക്കാരുടെ നിരന്തര ഇടപെടൽ അങ്ങനെ വിജ്ഞാനദായിനി സ്‌കൂളിനെ ദേശീയ പ്രസ്ഥാനത്തിന്‍റെ അരങ്ങാക്കി മാറ്റി. 1925 ജനുവരി ഒന്നിന് കാഞ്ഞങ്ങാട് ചേർന്ന കോൺഗ്രസ് പ്രവർത്തകയോഗം പ്രദേശത്ത് വിപുലമായ ഒരു ഖദർശാല തുടങ്ങാൻ തീരുമാനിച്ചു. ഇത് ഖാദി പ്രചരണത്തിന്‍റെ ആവേശം കൂട്ടിയതിനൊപ്പം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്ക് കൂടുതല്‍ ദിശാബോധം നൽകുകയുണ്ടായി.

1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഹൊസ്‌ദുർഗ് യൂണിറ്റ് രൂപീകൃതമായി. എ സി കണ്ണൻ നായർ ആദ്യ പ്രസിഡന്‍റും കെ.ടി കുഞ്ഞിരാമൻ നമ്പ്യാർ ആദ്യ സെക്രട്ടറിയുമായിരുന്നു. വിദേശ വസ്‌ത്ര ബഹിഷ്‌കരണം, മദ്യവർജനം, ഹരിജനോദ്ധാരണം തുടങ്ങിയ സമരപരിപാടികൾ വിദ്യാലയത്തിന്‍റെ സമീപങ്ങളില്‍ സജീവമായി നടന്നിരുന്നു. കാഞ്ഞങ്ങാട് വിജ്ഞാനദായിനി ആരംഭിച്ച് 21 വര്‍ഷം പിന്നിട്ട ശേഷമാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഇന്ത്യ സ്വതന്ത്രമായതിന്‍റെ 75 വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യത്തെ ഓരോ പൗരനും അഭിമാനം പകരുന്നതാണ് കാഞ്ഞങ്ങാട്ടെ ഈ വിദ്യാലയ വിപ്ലവം.

ABOUT THE AUTHOR

...view details