കേരളം

kerala

ETV Bharat / state

ജലക്ഷാമം നേരിടാൻ വിവിധ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് - reduce water shortage

കിണര്‍ റീച്ചാര്‍ജിങ്, കയര്‍ ഭൂവസ്ത്രം തീര്‍ക്കല്‍, മണ്ണ്-കല്ല് കയ്യാലകള്‍, കുളങ്ങളുടെ നവീകരണം, കിണര്‍ നിര്‍മാണം തുടങ്ങി വിവിധ പദ്ധതികളാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്.

water shed  ജലക്ഷാമം  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  Kanhangad Block Panchayat  കാസര്‍കോട്  കിണര്‍ റീച്ചാര്‍ജിങ്  reduce water shortage  kasargod
ജലക്ഷാമം

By

Published : Feb 19, 2020, 2:45 PM IST

കാസര്‍കോട്:മാര്‍ച്ച് മാസം കഴിഞ്ഞാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമ പഞ്ചായത്തുകളാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്. പുഴയും തോടുകളും നിറഞ്ഞ് ജല സമൃദ്ധമാണെന്നിരിക്കിലും വേനല്‍ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍. കുടിവെള്ള സംരക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതിയും ഇതിന്‍റെ ഭാഗമായി. കിണര്‍ റീച്ചാര്‍ജിങ്, കയര്‍ ഭൂവസ്ത്രം തീര്‍ക്കല്‍, മണ്ണ്-കല്ല് കയ്യാലകള്‍, കോണ്ടൂര്‍ ബണ്ട്, ചെറു കുളങ്ങളുടെ നിര്‍മാണം, കുളങ്ങളുടെ നവീകരണം, കിണര്‍ നിര്‍മാണം തുടങ്ങി വിവിധ പദ്ധതികളാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയില്‍ നടപ്പാക്കിയത്.

മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് തോടിന്‍റെ ഭാഗങ്ങളില്‍ രണ്ടും മടിക്കൈ കൊക്കോട്ട് തോടിന് രണ്ടും വീതം തടയണകളും ഉദുമ പഞ്ചായത്തില്‍ അരമങ്ങാനം തോടിന്‍റെ ഭാഗങ്ങളില്‍ രണ്ട് ചെക്ക് ഡാമുകളും നിര്‍മിച്ചു. ബ്ലോക്ക് പരിധിയില്‍ 23 ചെറുകുളങ്ങളും നിര്‍മിച്ചിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്തില്‍ മൂന്നും പുല്ലൂര്‍- പെരിയ പഞ്ചായത്തില്‍ ഏഴും മടിക്കൈ പഞ്ചായത്തില്‍ എട്ടും പള്ളിക്കര പഞ്ചായത്തില്‍ നാലും കുളങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. അഞ്ച് പഞ്ചായത്തുകളിലുമായി 18855 മീറ്റര്‍ കോണ്ടൂര്‍ ബണ്ട് നിര്‍മിച്ചു. ഉദുമയില്‍ രണ്ട് പൊതുകുളങ്ങള്‍ നവീകരിച്ചു നല്‍കി. 23 കിണര്‍ റീച്ചാര്‍ജിങ് നടത്തിയവയില്‍ 20 എണ്ണം ഉദുമ പഞ്ചായത്തിലും ഒരെണ്ണം മടിക്കൈ പഞ്ചായത്തിലുമായി പൂര്‍ത്തീകരിച്ചു. മടിക്കൈ പഞ്ചായത്തിലെ നാല് തോടുകള്‍ക്ക് കയര്‍ ഭൂവസ്ത്രം തീര്‍ത്തു. അഞ്ച് പഞ്ചായത്തുകളിലുമായി മണ്ണ്-കല്ല് കയ്യാലകളുടെ 40 പ്രവൃത്തി പൂര്‍ത്തീകരിച്ചു ഇതുവരെ. 25 കിണറുകള്‍ പുതിയതായി നിര്‍മിച്ചു. 15 എണ്ണം മടിക്കൈ പഞ്ചായത്തിലും അഞ്ചുവീതം അജാനൂര്‍ പഞ്ചായത്തിലും ഉദുമ പഞ്ചായത്തിലുമായാണ് കിണര്‍ നിര്‍മിച്ചത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് വര്‍ഷമായി നടക്കുന്ന കുടിവെള്ള സംരക്ഷണ പരിപാടി വലിയരീതിയില്‍ ഫലം കണ്ടു തുടങ്ങി. കിണര്‍ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ കുടിവെള്ള ക്ഷാമത്തിന് വലിയ രീതിയില്‍ ആശ്വാസമായെന്ന് ഗുണഭോക്താക്കള്‍ നേരിട്ട് അറിയിക്കുന്നതായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ പി.ബീന പറഞ്ഞു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ 8500 രൂപ വകയിരുത്തി അജാനൂര്‍ പഞ്ചായത്തുമായി ചേര്‍ന്ന് 182 കിണര്‍ റീച്ചാര്‍ജിങും പുല്ലൂര്‍ പെരിയപഞ്ചായത്തുമായി ചേര്‍ന്ന് 70 കിണര്‍ റീച്ചാര്‍ജിങ്ങും പൂര്‍ത്തീകരിച്ചു വരികയാണ്.

ABOUT THE AUTHOR

...view details