കാസർകോട്:കാഞ്ഞങ്ങാട് വയോധികരായ ദമ്പതികളെ ആക്രമിച്ച് സ്വർണവും, കാറും തട്ടിയെടുത്ത കേസിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട രണ്ട് പേർ കൂടി പിടിയിൽ. മാവുങ്കൽ സ്വദേശികളായ മുകേഷ്, അശ്വിൻ എന്നിവരെയാണ് ഹോസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ വർഷം നവംബർ 11നാണ് കാഞ്ഞങ്ങാട് ദേവൻ റോഡിൽ താമസിക്കുന്ന ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച് പ്രതികൾ കവർച്ച നടത്തിയത്. ആറ് പവൻ സ്വർണവും, ഇന്നോവാ കാറുമാണ് പ്രതികൾ കവർന്നത്. ആദ്യ ഘട്ടത്തിൽ പ്രതികളുടെ ലക്ഷ്യം കവർച്ച മാത്രമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.
പിന്നീട് ഹോസ്‌ദുർഗ് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വീട്ടുടമയായ ദേവദാസുമായി സാമ്പത്തിക ഇടപാടിൽ തർക്കമുണ്ടായിരുന്ന മറ്റൊരു സംഘം നൽകിയ ക്വട്ടേഷൻ പ്രതികൾ നടപ്പിലാക്കിതാണെന്ന് ബോധ്യമായി. ഇതേ തുടർന്ന് ക്വട്ടേഷൻ നൽകിയ പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൃത്യത്തിലേർപ്പെട്ട മുകേഷും, അശ്വിനും കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്നു.
ഇവർക്കായി അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് പ്രതികൾ കാഞ്ഞങ്ങാട് ഉണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. പൊലീസിനെ വെട്ടിച്ച് കോടതിയിൽ ഹാജരാകാൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇവർ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.