കാസർകോട് :വ്യാജരേഖ കേസിൽ വീണ്ടും മുൻകൂർ ജാമ്യത്തിനായി കെ.വിദ്യ. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിദ്യ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. കാസർകോട് ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും.
വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്‌ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം.
ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. ഈ കേസിൽ ജാമ്യം ലഭിച്ചാലും നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇതേ തുടർന്നാണ് വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അവിവാഹിതയാണെന്നും ആ പരിഗണന നൽകണമെന്നും വിദ്യ കാസർകോട് നൽകിയ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്‌തിട്ടില്ലെന്നും ഹർജിയിലുണ്ട്. കരിന്തളം ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്‌സൺ നൽകിയ പരാതിയിലാണ് നീലേശ്വരത്തെ കേസ്. വ്യാജരേഖ നിർമിക്കൽ (IPC 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന (IPC 420) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
വിദ്യയെ കണ്ടെത്താനാകാതെ പൊലീസ് : ഒളിവില്‍ കഴിയുന്ന വിദ്യയെ കണ്ടെത്താന്‍ പതിനഞ്ചാം ദിവസവും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തൽ. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്‌ടർക്ക് കൈമാറിയിട്ടുണ്ട്.
കാസർകോട് കരിന്തളം ഗവൺമെന്‍റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എഡ്യൂക്കേഷൻ സംഘം കണ്ടെത്തിയിരുന്നു. ഇവിടെ ഒരു വർഷക്കാലം വിദ്യ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും.
ALSO READ :DYFI| വ്യാജ രേഖ കേസ്: 'വിദ്യയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, മോന്‍സണെ സുധാകരന്‍ ന്യായീകരിച്ചത് അപകടകരം': വികെ സനോജ്
മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നാണ് വിദ്യയ്‌ക്കെതിരെയുള്ള കേസ്. അട്ടപ്പാടി സർക്കാർ കോളജിൽ ഇന്‍റര്‍വ്യു വേളയിലാണ് ഇക്കാര്യത്തിൽ കോളജ് അധികൃതർക്ക് സംശയമുണ്ടായത്. പിന്നീട് മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍ രേഖകൾ വ്യാജമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നിഖിൽ തോമസും ഒളിവിൽ : അതേസമയം പി.ജി പ്രവേശനത്തിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയും എസ്എഫ്‌ഐ കായംകുളം ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ നിഖില്‍ തോമസും ഒളിവിലാണ്. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും നിഖിലിനെക്കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.