കാസർകോട് : എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് കരിന്തളം ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആൻഡ് സയൻസ് കോളജിൽ ജോലി നേടിയ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അറസ്റ്റില്‍. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് അഗളി പൊലീസിന് നല്‍കിയ മൊഴി ഇവിടെയും വിദ്യ ആവര്‍ത്തിച്ചു.
സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും എന്നാല്‍ ആ ഫോൺ കേടായതോടെ അത് ഉപേക്ഷിച്ചുവെന്നും വിദ്യ പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി.ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് വിദ്യയെ ചോദ്യം ചെയ്‌തത്. രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി വിദ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിന് ശേഷം ഹോസ്‌ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലുമായി വിദ്യ സഹകരിക്കുന്നുണ്ട് : വ്യാജ രേഖ കേസില്‍വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് ഡിവൈഎസ്‌പി പി.ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. പൊലീസ് കസ്റ്റഡി അപേക്ഷ നൽകില്ലെന്നാണ് സൂചന. കരിന്തളം ഗവണ്‍മെന്‍റ് കോളജ് പ്രിൻസിപ്പാള്‍ ഇന്‍ ചാര്‍ജ് ജെയ്‌സണ്‍ വി ജോസഫിനെ വിദ്യക്കൊപ്പമിരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ വിദ്യ അഗളി പൊലീസിന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.
നിയമനം നേടാൻ ഉപയോഗിച്ച വ്യാജ സർട്ടിഫിക്കറ്റിന്‍റെ യഥാർഥ രേഖ എവിടെയെന്ന് കണ്ടത്തുന്നത് കേസിൽ നിർണായകമാകും. കരിന്തളം ഗവ. കോളജ് പ്രിൻസിപ്പാള്‍ ഇന്‍ ചാര്‍ജ് ജെയ്‌സണ്‍ നൽകിയ പരാതിയിലാണ് നീലശ്വരത്തെ കേസ്. വ്യാജരേഖ നിർമിക്കൽ ( IPC 468) , വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന ( IPC 420 ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കാസർകോട് കരിന്തളം ഗവൺമെന്‍റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജ രേഖ ഉപയോഗിച്ച് തന്നെയെന്നതും കോളേജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തിയിരുന്നു. ഒരു വർഷക്കാലം വിദ്യ കോളജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു.
വിദ്യയെ കണ്ടെത്തിയത് ജൂണ്‍ 21ന് :മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് വിവിധ കോളജുകളില്‍ ജോലി നേടിയ സംഭവത്തില്‍ കേസെടുത്തതോടെ ഒളിവില്‍ പോയ വിദ്യയെ ജൂണ്‍ 21നാണ് കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് അഗളി പൊലീസെത്തി വിദ്യയെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോയി 15 ദിവസത്തിന് ശേഷമാണ് അറസ്റ്റിലായത്.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. നീലേശ്വരം കോളജില്‍ ജോലി നേടിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു പൊലീസെത്തി കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്.
also read:Fake Certificate Case | ചോദ്യം ചെയ്യുന്നതിനിടെ വിദ്യക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് മാറ്റി ; മൊബൈൽ ഫോൺ കണ്ടെത്തിയതായി സൂചന
കേസുകള്‍ക്ക് കാരണമായത് അട്ടപ്പാടിയിലെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം :അട്ടപ്പാടിയിലെ കോളജില്‍ താത്‌കാലിക അധ്യാപികയായി ജോലിയില്‍ പ്രവേശിക്കാന്‍ മഹാരാജാസ് കോളജിന്‍റെ പേരില്‍ നിര്‍മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റാണ് കെ വിദ്യക്കെതിരെയുള്ള കേസുകള്‍ക്ക് കാരണമായത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്ന് സംശയം തോന്നിയ കോളജ് പ്രിന്‍സിപ്പാള്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് വ്യാജ രേഖ ചമച്ചതാണെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.