കാസർകോട്:മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം പിൻവലിച്ചത് പണം വാങ്ങിയാണെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപണം. കേസില്‍ അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചില്ല. കേസിൽ ഒത്തുകളി സംശയിക്കുന്നതായും സുന്ദര ഇടിവി ഭാരതിനോട് പറഞ്ഞു.
സ്ഥാനാർഥിത്വം പിൻവലിക്കാൻ പ്രാദേശിക ബി.ജെ.പി നേതാക്കൾ രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നാണ് സുന്ദര വെളിപ്പെടുത്തിയത്. കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഏക പ്രതി. കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ് കെ.സുന്ദര കോഴയുടെ വിവരം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മത്സരിച്ച മഞ്ചേശ്വരത്ത് ആ പേരിനോട് സാമ്യമുള്ള താൻ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര നേരത്തെ പറഞ്ഞിരുന്നു.
വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി രമേശൻ നൽകിയ ഹർജിയിൽ കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പ് ചുമത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പ്രതിചേർത്തായിരുന്നു അന്വേഷണം.