കാസർകോട്: മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ. സുന്ദര ബിജെപിയിൽ ചേർന്നു. എൻഡിഎയുടെ ഭാഗമായി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതായും സുന്ദര പറഞ്ഞു. മത്സരത്തിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച് ഭീഷണിയോ വാഗ്ദാനങ്ങളോ ഉണ്ടായിട്ടില്ലെന്നും സുന്ദര വ്യക്തമാക്കി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് പിന്നാലെയാണ് സുന്ദര ബിജെപിയിൽ ചേർന്നെന്ന വാർത്ത പ്രചരിച്ചത്. സുന്ദരയെ ഫോണിൽ പോലും ബന്ധപ്പെടാൻ ആകാതെ ബിഎസ്പി നേതാക്കളും ആശങ്കയിലായി. ഇതോടെ ബിഎസ്പി നേതാക്കൾ തങ്ങളുടെ സ്ഥാനാർഥിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.
ഒരു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾകൊടുവിലാണ് സുന്ദരയെ ഫോണിൽ ലഭ്യമായത്. ഇതിന് പിന്നാലെ സുന്ദര നേരിട്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ചു. പൈവളിക ജോഡ് കല്ലിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് സുന്ദര മാധ്യമങ്ങളെ കണ്ടത്. പത്രിക പിൻവലിക്കുന്നതായി അറിയിച്ച സുന്ദര തന്‍റെ തീരുമാനം ബിജെപി സ്ഥാനാർഥി സുരേന്ദ്രന്‍റെ ആവശ്യപ്രകാരം ആണെന്നും പറഞ്ഞു. വീടിരിക്കുന്ന പ്രദേശത്തെ ബിജെപി പ്രവർത്തകരുടെ സമ്മർദവും ഉണ്ടായി.