കാസർകോട് : മലയാളി മാധ്യമപ്രവർത്തക എൻ.ശ്രുതി(34) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ഭർത്താവ് അനീഷ് കോയാടൻ ശ്രുതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഒരു തവണ തലയിണ അമര്‍ത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും സഹോദരൻ നിഷാന്ത് പറഞ്ഞു.
ശ്രുതിയെ ശാരീരികമായും മാനസികമായും അനീഷ് പീഡിപ്പിച്ചത് യുവാവിന്‍റെ കുടുംബത്തിന്റെ അറിവോടെയാണെന്നും ഇവർ ആരോപിക്കുന്നു. വിവാഹശേഷം നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കി. എപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. ശ്രുതിയുടെ ശമ്പളം തനിക്ക് വേണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്നാണ് ആരോപണം.
ശ്രുതി മാതാപിതാക്കൾക്ക് പണം കൊടുക്കാൻ പാടില്ലെന്ന് അനീഷ് പറഞ്ഞിരുന്നു. മാതാപിതാക്കളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. ശ്രുതിയെ നിരന്തരം നിരീക്ഷിക്കാൻ ഫ്ലാറ്റിൽ ക്യാമറയും വോയ്‌സ് റെക്കോർഡറും സ്ഥാപിച്ചിരുന്നു. യാതൊരുവിധ സ്വകാര്യതയും അനുവദിച്ചില്ല. മയക്കുമരുന്ന് ചേർത്ത വൈൻ കുടിപ്പിക്കാൻ ശ്രമിച്ചതായി ഒരിക്കൽ ശ്രുതി പറഞ്ഞതായും ബന്ധുക്കൾ പറയുന്നു.
ആത്മഹത്യ കുറിപ്പിലും ഗുരുതര പരാമര്‍ശങ്ങള്‍ :പീഡനം സംബന്ധിച്ച് വ്യക്തമാക്കുന്ന പലകാര്യങ്ങളും ആത്മഹത്യ കുറിപ്പിലുണ്ട്. അനീഷിന് ശ്രുതി എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. "ഇനി നിങ്ങൾ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അനാഥയായ കുട്ടിയെ വിവാഹം കഴിക്കണം, മൂകയും ബാധിരയുമായ കുട്ടിയാണെങ്കിൽ ഇതൊന്നും കേൾക്കേണ്ടല്ലോ. ആർക്കും പൈസയും കൊടുക്കേണ്ടല്ലോ. എല്ലാം നിങ്ങൾക്ക് എടുക്കാം".
മാതാപിതാക്കൾക്ക് എഴുതിയ കത്തിൽ നിന്ന് : "ഞാൻ ജീവിച്ചിരുന്നാൽ നിങ്ങൾക്ക് ജീവിതാവസാനം വരെ സങ്കടപ്പെടാനേ സമയമുണ്ടാകൂ. മരിച്ചാൽ കുറച്ചുദിവസം അതോർത്ത് സങ്കടം ഉണ്ടാകും, പിന്നെ നിങ്ങൾ മറന്നോളും. ഓരോ കോംപ്രമൈസ് കഴിയുമ്പോളും പീഡനം തുടർന്നിരുന്നതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു.