കാസർകോട് :പിഎംഎ സലാമിന് (PMA Salam Controversial Statement) മറുപടിയുമായി വീണ്ടും സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ (Jifri Muthukkoya Thangal). സമസ്‌ത (samastha) ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കൊളാമ്പിയോ അല്ലെന്നും ഇതിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഉത്തരവാദപ്പെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത് (Jifri Muthukkoya Thangal Against PMA Salam).
അങ്ങനെ പറയുന്നവരെ ഉത്തരവാദപ്പെട്ടവര്‍ തന്നെ കടിഞ്ഞാണിടണം. അല്ലെങ്കിൽ പിടിച്ച് കെട്ടിയിടണം. അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും. ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ കാസർകോട് നീലേശ്വരത്ത് എസ് വൈ എസ് സംസ്ഥാന മീലാദ് ക്യാമ്പയിൻ സമാപന വേദിയിൽ പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എസ്‌കെഎസ്‌എസ്എഫിന്‍റെ (SKSSF) അധ്യക്ഷനായിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രാധാന്യം നിലവില്‍ ആ പദവി വഹിക്കുന്ന ഹമീദലി തങ്ങൾക്കില്ലെന്ന പിഎംഎ സലാമിന്‍റെ വിവാദ പരാമർശമാണ് സമസ്‌ത - ലീഗ് കല്ലുകടിയിലേക്ക് നയിച്ചത്. നേരത്തെയും പല വിഷയങ്ങളിലും മുസ്‌ലിം ലീഗും സമസ്‌തയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങൾ പരിഹരിച്ചതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി (P. K. Kunhalikutty) കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.