കാസര്‍കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിചേർക്കപ്പെട്ട എം.സി ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്. കമ്പനി നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് നടത്തിയ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. ഒരേ സ്വഭാവമുള്ള പല കമ്പനികൾ ഒരേ പ്രദേശത്ത് തുടങ്ങിയത് എന്തിനാണെന്ന ചോദ്യത്തിന് ചെയർമാൻ കൂടിയായ എംഎൽഎ ഉത്തരം പറയണം. കേസുകൾ പെരുകി വന്നപ്പോൾ പണം തിരികെ നൽകാമെന്നും സാവകാശം വേണമെന്നുമാണ് എം.സി ഖമറുദ്ദീന് എംഎൽഎ പറയുന്നത്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എം.സി ഖമറുദ്ദീൻ രാജിവെക്കണമെന്ന് ബിജെപി - ബിജെപി
കമ്പനി നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് നടത്തിയ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
![ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എം.സി ഖമറുദ്ദീൻ രാജിവെക്കണമെന്ന് ബിജെപി bjp Jewelry investment fraud MC Khamaruddin എം.സി ഖമറുദ്ദീൻ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് ബിജെപി കാസര്‍കോട് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8750879-thumbnail-3x2-k.jpg)
നഷ്ടത്തിലായ കമ്പനി എങ്ങനെ പണം തിരികെ നൽകുമെന്നും, പണം നൽകുകയാണെങ്കിൽ അതിന്‍റെ സ്രോതസ് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. രേഖകളുടെ അടിസ്ഥാനത്തിൽ കമ്പനി നഷ്ടത്തിൽ ആണെന്ന് തെളിയിക്കാൻ എം.സി ഖമറുദ്ദീനെ ബിജെപി വെല്ലുവിളിക്കുകയാണെന്നും പരസ്യ സംവാദത്തിന് എംഎൽഎ തയാറാണോ എന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. ശ്രീകാന്ത് ചോദിച്ചു. അതേസമയം 2017 മുതൽ കമ്പനി നഷ്ടത്തിലാണെന്ന് എംഎൽഎയുടെ വാദം നിലനിൽക്കുന്നതല്ലെന്നും ബിജെപി ആരോപിക്കുന്നുണ്ട്. നഷ്ടത്തിലായ കമ്പനിയിൽ നിന്നും 2019വരെ ലാഭവിഹിതം കിട്ടിയെന്ന് നിക്ഷേപകരിൽ ചിലർ പറയുമ്പോൾ ഈ സ്ഥാപനങ്ങളെല്ലാം ലാഭകരമായി പ്രവർത്തിക്കുന്നവയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എംഎൽഎയെ ന്യായീകരിക്കുന്ന കോൺഗ്രസ് നിലപാട് അപഹാസ്യമാണ്. ലീഗിന്‍റെ സക്കാത്ത് വാങ്ങി പ്രവർത്തിക്കുന്നവരായി കോൺഗ്രസ് മാറി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് തന്നെ നടപടികൾ വൈകിപ്പിക്കാൻ ആണെന്നും ബിജെപി ആരോപിക്കുന്നുണ്ട്.