കാസർകോട്: മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസന്വേഷണത്തിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് ക്യാമ്പ് ഓഫിസ് തുറന്നു. മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി.
ജ്വല്ലറിക്കായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എക്കെതിരെ കാസര്‍കോട്, ചന്തേര, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനുകളിലായി 84 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഭിച്ചിരിക്കുന്ന മുഴുവന്‍ പരാതികളും പ്രത്യേക അന്വേഷണം വിശദമായി പരിശോധിക്കും. ഇതിന് ശേഷം കമ്പനി ചെയര്‍മാനായ ഖമറുദ്ദീനെയും മാനേജിങ് ഡയറക്‌ടര്‍ ടി.കെ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ആവശ്യമെങ്കില്‍ പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.