കാസർകോട് : കാലിക്കറ്റ് സർവകലാശാല ബോക്‌സിങ് ചാമ്പ്യൻഷിപ്പ് വിവാദമായതോടെ ജീവൻ ജോസഫിനെ അഖിലേന്ത്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ തീരുമാനം. കോഴിക്കോട് ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് സർവകലാശാലയുടെ നടപടി. വിഷയത്തിൽ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി ലഭിച്ചിരുന്നു.
ജനുവരി രണ്ടിന് ഹരിയാനയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 70-75 കിലോ ഗ്രാം വിഭാഗത്തിൽ ജീവൻ പങ്കെടുക്കും. ഇന്‍റർ കോളജിയറ്റ് ചാമ്പ്യൻഷിപ്പിൽ ജീവൻ ജോസഫിനായിരുന്നു സ്വർണ മെഡൽ. എന്നാൽ ഒന്നാം സ്ഥാനക്കാരനെ തഴഞ്ഞ് മൂന്നാം സ്ഥാനം നേടിയ വിദ്യാർഥിയെ അഖിലേന്ത്യ തലത്തിലേക്ക് സർവകലാശാല തെരഞ്ഞെടുത്തിരുന്നു.
READ MORE:ഒന്നാമന് പകരം മൂന്നാം സ്ഥാനക്കാരന്‍; കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍ കോളജിയിറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ക്രമക്കേടെന്ന് പരാതി
ഇതിനു പിന്നാലെ വിദ്യാർഥികളും ജീവൻ ജോസഫിന്‍റെ കുടുംബവും പരാതിയുമായി എത്തി. എന്നാൽ ഒരുതരത്തിലും സർവകലാശാല തീരുമാനം പുനഃപരിശോധിക്കാൻ തയാറായിരുന്നില്ല. മത്സരത്തിൽ വിധികർത്താവിനെ സ്വാധീനിക്കാൻ ചിലർ ശ്രമം നടത്തിയെന്നും ജീവൻ ജോസഫ് ട്രയൽ മത്സരത്തിൽ പങ്കെടുത്തില്ല എന്ന തരത്തിലുള്ള വാദങ്ങൾ സർവകലാശാല ഉന്നയിക്കുകയും ചെയ്‌തിരുന്നു.
ഇതിനെ തുടർന്നാണ് ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടൽ. അണ്ടർ 67 കിലോ വിഭാഗത്തിലാണ് ജീവൻ സ്വർണ മെഡൽ നേടിയത്. കാസർകോട് നീലേശ്വരം സ്വദേശിയും കൊടകര സഹൃദയ കോളേജിലെ വിദ്യാർഥിയുമാണ് ജീവൻ ജോസഫ്.