കാസർകോട് : പ്രായം ഒരു പ്രശ്നമല്ല ജാനുവമ്മയ്ക്ക്. പഴന്തുണിയിൽ നിന്നും ഈ എഴുപത്തിനാലുകാരി നെയ്തെടുക്കുന്നത് സ്വാശ്രയത്തിന്‍റെ ജീവിതപാഠമാണ്.
പ്രായം കൂസാതെ പഴന്തുണിയിൽ വ്യത്യസ്തമായ ചവിട്ടികൾ നിർമിച്ച് ശ്രദ്ധേയയാകുകയാണ് മേൽപ്പറമ്പ് കീഴൂർ നടക്കാലിലെ ജാനുവമ്മ. വാർധക്യത്തിലേക്ക് കടക്കുമ്പോൾ എല്ലാറ്റിൽ നിന്നും ഉൾവലിയുന്ന ഏതൊരാൾക്കും ജാനുവമ്മയുടെ കൈത്തൊഴിൽ മികവ് അനുകരണീയമാണ്.
എട്ടുവർഷമായി ജാനുവമ്മ വീട്ടിലിരുന്ന് ചവിട്ടികൾ നിർമിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉടുത്തുപേക്ഷിക്കുന്ന പോളിസ്റ്റർ സാരികളും ടീഷർട്ടുകളുമാണ് അസംസ്കൃതവസ്തു. സാരി രണ്ടാക്കി മുറിച്ച് അത് വീതികുറച്ച് കീറിയെടുത്ത് നെയ്ത് ഭംഗിയുള്ള ചവിട്ടികളാക്കി മാറ്റും.
പഴന്തുണിയിൽ ഒന്നാന്തരം ചവിട്ടി; ജാനുവമ്മ നെയ്തെടുക്കുന്നത് ജീവിതം ALSO READ:കൊവിഡിനിടയിലും ക്രിസ്‌മസ് വിപണി ഉണർന്നു; നക്ഷത്ര വ്യവസായത്തിന് ഇത് മിന്നും കാലം
വർഷങ്ങൾക്ക് മുമ്പ് ടെലിവിഷനിൽ കണ്ട ഒരു പരിപാടിയാണ് ഇവരെ ഈ മേഖലയിലെത്തിച്ചത്. ആദ്യമൊക്കെ പ്രയാസമായിരുന്നെങ്കിലും സ്ഥിരമായി ചെയ്യാൻ തുടങ്ങിയതോടെ വിജയിച്ചു. പഴയ തുണികൾ മുറിച്ച് ഭംഗിയും ഈടുമുള്ള ചവിട്ടികൾ നിർമിച്ചു തുടങ്ങി. ഇതോടെ ജാനുവമ്മയുടെ കരവിരുതിനെക്കുറിച്ചറിഞ്ഞ് ആവശ്യക്കാർ വീട്ടിലെത്തി ഇവ വാങ്ങിക്കൊണ്ടുപോകാനും തുടങ്ങി. സ്വന്തം ആശയങ്ങൾക്കനുസരിച്ച് രൂപമാറ്റം വരുത്തിയതോടെ ആവശ്യക്കാർ കൂടുതലായെത്തി. അഴുക്കുപിടിക്കുമ്പോൾ കഴുകാമെന്നതും തുണി കീറുംവരെ ഉപയോഗിക്കാമെന്നതും ആവശ്യക്കാരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ചെറിയ ചവിട്ടി നിർമിക്കാൻ ഒരാഴ്ച സമയം വേണം. ഇപ്പോൾ വലിയ ചവിട്ടിയും നിർമിക്കുന്നുണ്ട്. ആദ്യമൊക്കെ സൗജന്യമായാണ് ആവശ്യക്കാർക്ക് കൊടുത്തിരുന്നത്. എന്നാൽ നാട്ടുകാർ നിർബന്ധിച്ചതോടെ ചെറിയ തുക വാങ്ങാൻ തുടങ്ങുകയായിരുന്നു. 100ഉം 200ഉം 300ഉം രൂപ വരെ നൽകി വാങ്ങാൻ ആളെത്തുന്നുണ്ട്. ഇപ്പോൾ പരാശ്രയം കൂടാതെ മരുന്നിനും മറ്റുമായി ചവിട്ടിനിർമാണം ഉപകാരപ്പെടുന്നുവെന്ന് ഈ മുത്തശ്ശി പറയുന്നു.
18തരം പച്ചമരുന്നുകൾ ചേർത്ത് സ്ത്രീകൾ പ്രസവാനന്തരം കഴിക്കുന്ന ലേഹ്യം നിർമിക്കുന്നതിലും വിദഗ്‌ധയാണ് ജാനുവമ്മ. മേൽപറമ്പ് കീഴൂർ നടക്കാലിൽ നിർമാണത്തൊഴിലാളിയായ ഇളയമകൻ മോഹനനും കുടുംബത്തിനുമൊപ്പമാണ് താമസം. ചെറുപ്പത്തിൽ ബീഡിതെറുപ്പായിരുന്നു ജോലി. അതിനിടയിൽ കമ്പിളിനൂലുകൊണ്ട് തൊപ്പിയും ഷാളും കൗതുകത്തിനുണ്ടാക്കുമായിരുന്നു. ഇപ്പോൾ ബനിയൻ നിർമാണവും ആരംഭിച്ചിരിക്കുകയാണ് ഈ എഴുപത്തിനാലുകാരി.