കാസര്‍കോട്:ജില്ലാ ജയിലിനെ ഹരിതാഭമാക്കി പച്ചക്കറി തോട്ടവും മുന്തിരിവള്ളികളും. പല കാരണങ്ങളാല്‍ ജയിലിലേക്കെത്തപ്പെട്ടവരുടെ മാനസിക പരിവര്‍ത്തനം കൂടി ലക്ഷ്യമിട്ടാണ് ജയില്‍ വളപ്പില്‍ ജൈവകൃഷി ആരംഭിച്ചത്. ജീവനക്കാരും അന്തേവാസികളും ചേര്‍ന്ന് ജൈവ കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളാണ് ജയിലില്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ഒരേക്കര്‍ വരുന്ന ജയില്‍ വളപ്പില്‍ തരിശായി കിടന്നിരുന്ന 30 സെന്‍റ് സ്ഥലമാണ് കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. അന്തേവാസികളെ ഉള്‍ക്കൊള്ളിച്ച് ആരംഭിച്ച വിത്തുപേന നിര്‍മാണം, എല്‍ഇഡി ബള്‍ബ് നിര്‍മാണം തുടങ്ങിയവക്കൊപ്പമാണ് കൃഷിയിറക്കിയത്. പരിപാലനം ഉഷാറായതോടെ പച്ചക്കറികള്‍ നന്നായി വിളഞ്ഞു.
ജില്ലാ ജയിലിനെ പച്ചപ്പണിയിച്ച് മുന്തിരി വള്ളികളും പച്ചക്കറിത്തോട്ടവും - ഹൊസ്‌ദുര്‍ഗ് ജില്ലാ ജയില്‍
ഹരിത ജയിലായി പ്രഖ്യാപിച്ച ഹൊസ്‌ദുര്‍ഗ് ജില്ലാ ജയിലില്‍ ജീവനക്കാരും അന്തേവാസികളും ചേര്‍ന്നാണ് ജൈവകൃഷി ആരംഭിച്ചത്. പച്ചക്കറി തോട്ടവും, മുന്തിരി കൃഷിയുമായി പൂര്‍ണമായി ഹരിതാഭമായിരിക്കുകയാണ് ജയില്‍.
ചോളം, കാബേജ്, പയര്‍, ചീര, വെണ്ടയ്ക്ക തുടങ്ങി മിക്ക ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ജയിലിലെത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മുന്തിരിവള്ളികളും കായ്ച്ചു നില്‍പ്പുണ്ട്. വനിതാ ബ്ലോക്കിനടുത്തായാണ് ആരെയും ആകര്‍ഷിക്കുന്ന മുന്തിരി കൃഷി. 2 വര്‍ഷമായി ജയിലില്‍ മുന്തിരി കൃഷി ആരംഭിച്ചിട്ട്. കഴിഞ്ഞ തവണ പ്രതീക്ഷിച്ച വിളവ് കിട്ടിയില്ലെങ്കിലും ഇത്തവണ വള്ളികള്‍ നിറയെ മുന്തിരി കുലകളാണ്.
കൃഷി വകുപ്പും ഹരിത കേരള മിഷനും കൃഷിക്കായി എല്ലാ പിന്തുണയും നല്‍കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ജയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററായി പ്രവര്‍ത്തിക്കുകയാണ്. അന്തേവാസികളുടെ കുറവുണ്ടെങ്കിലും ഇതൊന്നും കൃഷിയെ ബാധിക്കാതിരിക്കാന്‍ ജയില്‍ ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. നേരത്തെ കാര്‍ഷിക പരിപാലനത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് ജയിലിനെ ഹരിത ജയിലായി പ്രഖ്യാപിച്ചിരുന്നു.