കാസര്‍കോട് :കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ കയറ്റിവച്ച സംഭവത്തിൽ അന്വേഷണത്തിനായി റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കാസര്‍കോട് കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപമാണ് കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ കയറ്റിവച്ചത്. റെയില്‍വേ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജിതിന്‍ ബി രാജാണ് അന്വേഷണം വിലയിരുത്താൻ കാസര്‍കോട്ടെത്തിയത്.
റെയില്‍വേ ട്രാക്കില്‍ ഇരുമ്പുപാളി കയറ്റിവച്ച സംഭവം : ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സ്ഥലത്തെത്തി - കോട്ടിക്കുളം
റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച ഇരുമ്പുപാളി കയറ്റിവച്ച സംഭവത്തിൽ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിനായി സ്ഥലത്തെത്തി
റെയില്‍വേ പൊലീസ് ഫോഴ്സും, പൊലീസും ഇന്റലിജിൻസും സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ആര്‍പിഎഫ് സിഐ അക്ബര്‍ അലി, എസ്‌ഐ സികെ കതിരേഷ്, എഎസ്‌ഐ ബികെ ബിനോയ് കുര്യന്‍ എന്നിവരും അന്വേഷണസംഘത്തോടൊപ്പമുണ്ടായിരുന്നു. സംഭവം നടന്ന കോട്ടിക്കുളം റെയില്‍വേ ട്രാക്കിലും പാളത്തില്‍ കല്ല് കയറ്റിവെച്ച ചിത്താരി, കുമ്പള റെയില്‍ പാളത്തിലും സെക്യൂരിറ്റി കമ്മീഷണര്‍ നേരിട്ടെത്തി പരിശോധന നടത്തി. സന്ദര്‍ശത്തിന് ശേഷം ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുമായും സെക്യൂരിറ്റി കമ്മീഷണര്‍ കൂടിയാലോചന നടത്തി.
സംഭവം നടന്ന സ്ഥലങ്ങളിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചും വാട്‌സ്‌ആപ് സന്ദേശങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ഏതാനും പേരെ ഇതിനകം കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, കാസർകോട്, കണ്ണൂർ ജില്ലകളിൽ സമീപ കാലത്തായി സമാന സംഭവങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അട്ടിമറി ശ്രമം ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.