കാസർകോട്: കാസർകോട്ടെ ചരിത്ര നിർമിതികളിൽ ഒന്നായ ഇരിയ ബ്രിട്ടീഷ് ബംഗ്ലാവ് സംരക്ഷണമില്ലാതെ നശിക്കുന്നു. മേല്‍ക്കൂരയും മതിലുമെല്ലാം തകർന്ന് കാട് മൂടിയ നിലയിലാണ് ബംഗ്ലാവ്. ചരിത്രസ്മാരകമാക്കി സംരക്ഷിക്കുമെന്ന് രണ്ട് വര്‍ഷം മുന്‍പ് അധികൃതര്‍ നല്‍കിയ ഉറപ്പ് പാഴാകുകയാണ് ഇവിടെ. ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാന നിര്‍മിതികളിലൊന്നാണ് ഇങ്ങനെ ആരാലും തിരിഞ്ഞു നോക്കാതെ നശിച്ചു കൊണ്ടിരിക്കുന്നത്. 1926ല്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ബംഗ്ലാവ് അന്നത്തെ ഭരണാധികാരികള്‍ക്ക് നികുതി പിരിവിനും ദൂരയാത്രക്കിടെ വിശ്രമിക്കാനുള്ള ഇടവും ആയിരുന്നു.
ഇരിയ ബ്രിട്ടീഷ് ബംഗ്ലാവ് സംരക്ഷണമില്ലാതെ നശിക്കുന്നു
പോയ കാലത്തെ സംസ്‌കാരത്തെയും പൈതൃകത്തെയും ഇന്നത്തെ തലമുറക്ക് പകര്‍ന്ന് കൊടുക്കാന്‍ കഴിയും വിധം ബംഗ്ലാവ് സംരക്ഷിക്കപ്പെടണമെന്ന് നാട്ടുകാർ
ചരിത്രമേറെയുള്ള ഈ നിര്‍മിതിയുടെ ബാക്കിയായി ഇന്നിവിടെയുള്ളത് ഒരു ചുമടുതാങ്ങിയും കുതിരാലയത്തിന്‍റെ അവശേഷിപ്പുകളും മാത്രമാണ്. റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് വഴിയോര വിശ്രമ കേന്ദ്രമാക്കി ബംഗ്ലാവിനെ മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല.
പോയ കാലത്തെ സംസ്‌കാരത്തെയും പൈതൃകത്തെയും ഇന്നത്തെ തലമുറക്ക് പകര്‍ന്ന് കൊടുക്കാന്‍ കഴിയും വിധം ബംഗ്ലാവ് സംരക്ഷിക്കപ്പെടണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ബംഗ്ലാവിന്‍റെ പരിസരങ്ങളില്‍ നിലവില്‍ കൈയേറ്റങ്ങളുണ്ടായിട്ടില്ലെങ്കിലും ഇതിന്‍റെ സംരക്ഷണം വൈകിയാല്‍ കാലത്തെ അടയാളപ്പെടുത്തുന്ന സ്മാരകം തന്നെ ഇല്ലാതായേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.