കാസർകോട് :സര്‍ക്കാര്‍ ഓഫിസുകളിലെ വിവരങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്‌ദുല്‍ ഹക്കിം. ഇവര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു (Information commissioner's warning to officers).
കാസര്‍കോട് കലക്‌ടറേറ്റില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ കയ്യിലുണ്ടായിട്ടും അത് നല്‍കാന്‍ മടിക്കുന്ന പ്രവണത സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ വ്യാപകമായി കാണുന്നുണ്ട്. ബോധപൂര്‍വം വിവരം മറച്ചു വയ്ക്കുക, അതിന് രാജ്യസുരക്ഷ പോലുള്ള വകുപ്പുകള്‍ ഉദ്ധരിക്കുക തുടങ്ങിയ പ്രവണത കൂടിവരുന്നു. ഇത് വ്യക്തമാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്തോ മറച്ചു വയ്ക്കാനുണ്ടെന്നാണ്.
കാസര്‍കോട് ജില്ലയില്‍ പരിഗണിച്ച പരാതികളിലും ഇത്തരം നിലപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷ ലഭിച്ചാല്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമം. വിവരങ്ങള്‍ കയ്യിലുണ്ടായിട്ടും അപേക്ഷകന് നല്‍കാതിരുന്നാല്‍ 25,000 രൂപ പിഴ ഈടാക്കുകയും വകുപ്പ് തല അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും. വിവരം സമയത്ത് ലഭിക്കാത്തതിനാല്‍ അപേക്ഷകര്‍ക്ക് എന്തെങ്കിലും നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് കമ്മിഷന് കാര്യ കാരണ സഹിതം ബോധ്യപ്പെട്ടാല്‍ കമ്മിഷന്‍ നിശ്ചയിക്കുന്ന നഷ്‌ടപരിഹാരവും നല്‍കേണ്ടിവരും.
വിവരാവകശ അപേക്ഷകള്‍ കയ്യില്‍ കിട്ടിയാല്‍ അഞ്ച് ദിവസത്തിനകം ആദ്യ പടി പൂര്‍ത്തിയാക്കിയിരിക്കണം. മറ്റ് വകുപ്പുകളിലേക്കോ ഓഫിസുകളിലേക്കോ അയച്ചുകെടുക്കേണ്ട ഫയലാണെങ്കില്‍ അവ അയച്ചു കൊടുക്കണം. സൗജന്യമായി നല്‍കാന്‍ കഴിയാത്ത വിവരമാണെങ്കില്‍ അതിന് തുക അടക്കാന്‍ അപേക്ഷകനെ അറിയിക്കുകയും 30 ദിവസത്തിന് മുമ്പ് ഫീസ് വാങ്ങി വിവരം ലഭ്യമാക്കുകയും വേണമെന്നും കമ്മിഷണര്‍ പറഞ്ഞു (RTI rules).