കാസര്‍കോട്: റാഞ്ചി ഐ.ഐ.ടിയില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ച കാസര്‍കോട്ടുകാരന്‍ രഞ്ജിത്ത് ആര്‍.പാണത്തൂരിന്‍റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. പ്രതികൂല ജീവിതസാഹചര്യങ്ങളില്‍ നിന്നും പഠിച്ചുവളര്‍ന്ന ജീവിതം കാച്ചിക്കുറുക്കിയുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തോല്‍വികളില്‍ നിന്ന് വിജയങ്ങളിലേക്ക് പിടിച്ചുകയറിയ രഞ്ജിത്തിന്‍റെ ജീവിതം മാതൃകാ പാഠപുസ്തകമാണ്.
'തോല്‍വിയില്‍ നിന്നാണ് ജയിക്കണമെന്ന വാശിയുണ്ടായത്'; കുടിലില്‍ നിന്നും ഐഐഎം അധ്യാപകനായ രഞ്ജിത്ത് - fb post
പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രികാല സുരക്ഷാജോലി നോക്കിയായിരുന്നു ബിരുദപഠനം. അടഞ്ഞെന്ന് കരുതിയ വിദ്യാഭ്യാസം വീണ്ടും തുറക്കപ്പെട്ട നിമിഷം. വഴി നയിക്കാന്‍ ആരുമില്ലാതിരുന്നിട്ടും ഒഴുക്കിനൊപ്പമല്ലാതെ കുറുകെ നീന്തി ഉന്നത വിജയങ്ങളുടെ കര തൊട്ട ജീവിതത്തെക്കുറിച്ചുള്ള കുറിപ്പ് വായിച്ചുതീര്‍ക്കുന്നവരുടെ ഉള്ളുനിറയ്ക്കും.
പ്രതിസന്ധികളില്‍ തളരാതെ, സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ അതിജീവിക്കാന്‍ വിദ്യാഭ്യാസം ആയുധമാക്കി പടവെട്ടിയ ജീവിത കഥയാണ് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. തന്‍റെ വീടിന്‍റെ ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്.
''ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു ഐ.ഐ.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ്) അസിസ്റ്റന്‍റ് പ്രൊഫസർ ജനിച്ചിരിക്കുന്നു......ഈ വീട് മുതല്‍ ഐ.ഐ.എം റാഞ്ചി വരെയുള്ള എന്‍റെ കഥ പറയണമെന്ന് തോന്നി..... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് എന്‍റെ വിജയം....
മോശമല്ലാത്ത മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി പാസായപ്പോഴും സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പഠനം നിര്‍ത്താനാലോചിച്ച കാലത്ത് നിന്നും ഐ ഐ എം അധ്യാപക നിയമനത്തിലേക്കെത്തിയ ചെറുപ്പക്കാരന്‍ ഇന്നിപ്പോള്‍ നാടിന്‍റെ അഭിമാനമാവുകയാണ്. പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രികാല സുരക്ഷാ ജോലി നോക്കിയായിരുന്നു ബിരുദപഠനം. അടഞ്ഞെന്ന് കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ട നിമിഷം. വഴി നയിക്കാന്‍ ആരുമില്ലാതിരുന്നിട്ടും ഒഴുക്കിനൊപ്പമല്ലാതെ കുറുകെ നീന്തി ഉന്നത വിജയങ്ങളുടെ കര തൊട്ട ജീവിതത്തെക്കുറിച്ചുള്ള കുറിപ്പ് വായിച്ചുതീര്‍ക്കുന്നവരുടെ ഉള്ളുനിറയ്ക്കും.
രാജപുരം സെന്‍റ് പയസ് കോളജും. കേരള കേന്ദ്രസര്‍വകലാശാലയും ഐഐടി മദ്രാസ് അടക്കമുള്ള കലാലയങ്ങളിലെ പഠനവുമാണ് രഞ്ജിത്തിന്‍റെ ജീവിതത്തെ മാറ്റിയെടുത്തത്. പഠനം നിര്‍ത്താന്‍ തോന്നിയ തീരുമാനം തിരുത്തിച്ച അധ്യാപകന്‍ ഡോ.സുഭാഷിനെയടക്കം തന്‍റെ നേട്ടത്തോട് ചേര്‍ത്തുവെയ്ക്കുന്നു രഞ്ജിത്ത്. തോറ്റുതുടങ്ങി എന്ന് തോന്നിയ അന്ന് മുതല്‍ ജയിക്കണമെന്ന വാശി വന്നതും വിത്തെറിഞ്ഞാല്‍ പൊന്നുവിളയുന്ന ആ മണ്ണില്‍ വിദ്യ പാകിയാലും നൂറുമേനി കൊയ്യാനാകും എന്ന തിരിച്ചറിവുമെല്ലാം ഒരു കഥ പോലെ വിവരിക്കുന്നു രഞ്ജിത്ത്.
തന്‍റെ കുടില്‍ ഒരു സ്വര്‍ഗമായിരുന്നുവെന്നും അവിടത്തെ കഷ്ടപ്പാടുകളൊക്കെയും തന്‍റെ സ്വപ്‌നങ്ങളുടെ ആകെത്തുകയാണെന്നും മാതാപിതാക്കളുടെ സഹനമായിരുന്നു തന്നെ മുന്നോട്ട് നയിച്ചതെന്നും ഈ യുവ അധ്യാപകന്‍ കുറിക്കുന്നു. ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടി പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥകള്‍ക്ക് പകരം സ്വപ്നസാക്ഷാത്കാരത്തിന്‍റെ കഥകള്‍ ഉണ്ടാകണം.
'ഒരുപക്ഷെ തലയ്ക്കുമുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം. നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം. പക്ഷെ ആകാശത്തോളം സ്വപ്നം കാണുക.ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരത്തെത്താം....' ഇങ്ങനെയാണ് രഞ്ജിത്ത് ഹൃദയസ്പര്‍ശിയായ കുറിപ്പ് അവസാനിക്കുന്നത്.