കാസർകോട്: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. കാസർകോട് തായന്നൂർ സ്വദേശി അമ്പാടിയെയാണ് കാസർകോട് അഡിഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2016 ജൂണ്‍ 21നാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യ നാരായണിയെ പ്രതി കൊലപ്പെടുത്തിയത്.
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്‌താംപാറ കോളനിയിൽ ആണ് കൊലപാതകം നടന്നത്. സംഭവ ദിവസം പുലർച്ചെ മൂന്ന് മണിയോടെ പ്രതിയായ അമ്പാടി കിടന്നുറങ്ങുകയായിരുന്ന തന്‍റെ ഭാര്യ നാരായണിയുടെ ശരീരത്തിലേക്ക് ആട്ടുകല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയോടുള്ള സംശയമായിരുന്നു കൊലപാതകത്തിന് കാരണം.
ചാരായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്ന അമ്പാടിയെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കൊലപാതകത്തിന്‍റെ ദൃക്‌സാക്ഷികൾ ആയിരുന്ന അമ്പാടിയുടെ മൂന്ന് ആൺമക്കളിൽ മൂത്ത മകന്‍റെ പരാതിയിലും രഹസ്യ മൊഴിയിലും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൽ പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തിയത്. അന്നത്തെ ബേക്കൽ സർക്കിൾ ഇൻസ്‌പെക്‌ടറും നിലവിൽ കാസർകോട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുമായ വി കെ വിശ്വംഭരനാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ വിചാരണ വേളയിൽ ദൃക്‌സാക്ഷികളായ മൂന്ന് മക്കൾ അടക്കം നിരവധി പേർ കൂറുമാറിയിരുന്നു.
പരാതിക്കാരനും ദൃക്‌സാക്ഷികളും കൂറുമാറിയെങ്കിലും കേസ് വിജയത്തിലെത്തിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. മുപ്പതോളം സാക്ഷികളെയും, 75 ഓളം വരുന്ന രേഖകളും വിസ്‌തരിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ല അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ ഹാജരായി.