കാസര്‍കോട്: ചെര്‍ക്കള കുണ്ടടുക്കത്തെ മാലിന്യപ്രശ്‌നത്തില്‍ നടപടിയുമായി പഞ്ചായത്ത്. മഴവെള്ളം ഒഴുകുന്ന തോട്ടിലേക്ക് കക്കൂസ് മാലിന്യമുള്‍പ്പെടെ ഒഴുക്കിവിടുന്ന ഹോട്ടലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രന്‍ നോട്ടീസ് നല്‍കി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുണ്ടടുക്കത്തെ കുട്ടികള്‍ സങ്കട ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. ജില്ലാ കലക്‌ടര്‍ ഡോ.ഡി. സജിത് ബാബുവിന്‍റെ നിര്‍ദേശപ്രകാരമാണ് ചെര്‍ക്കള ടൗണില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഒരു ലോഡ്‌ജിലെയും പത്തിലധികം ഹോട്ടലിലെയും മലിനജലമാണ് പൊതു ഇടങ്ങളിലേക്ക് ഒഴുക്കിവിടുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. മലിനജലവും മാലിന്യങ്ങളും സ്വന്തം നിലയില്‍ തന്നെ സംസ്‌കരിക്കണമെന്നും ഇല്ലെങ്കില്‍ പൊലീസ് കേസടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പറയുന്നു.
മാലിന്യപ്രശ്‌നം; ഹോട്ടലുകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് - കാസര്‍കോട്
മാലിന്യപ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുണ്ടടുക്കത്തെ കുട്ടികള്‍ സങ്കടഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ കലക്‌ടറിന്‍റെ നിര്‍ദേശ പ്രകാരം നടപടിയുണ്ടായത്.
പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്‌ചത്തെ സമയം നല്‍കിയിട്ടുണ്ട്. ഇതിനുള്ളില്‍ സ്വന്തമായി മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. മാലിന്യ വാഹിനിയായ തോടിന്‍റെ വശങ്ങളില്‍ താമസിക്കുന്നവരുടെ ദുരിതങ്ങള്‍ നേരത്തെ ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തോടുകളില്‍ മലിന ജലം കെട്ടിക്കിടന്ന് പുഴുക്കളും കൂത്താടികളും നിറഞ്ഞ നിലയിലാണ്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളും പ്രദേശവാസികള്‍ അനുഭവിക്കുന്നുണ്ട്. ഇതിനിടയിലാണ് ആശ്വാസമായി പഞ്ചായത്തിന്‍റെ നടപടി.