കാസര്‍കോട്: മനുഷ്യനന്മയുടെ സന്ദേശം പകര്‍ന്ന് അബ്ദുള്ളയുടെയും ഖദീജയുടെയും മകള്‍ രാജേശ്വരിക്ക് ക്ഷേത്രനടയില്‍ മാംഗല്യം. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ വിഷ്ണുപ്രസാദ് ആണ് രാജേശ്വരിക്ക് വരണമാല്യം ചാര്‍ത്തിയത്. ആനന്ദക്കണ്ണീര്‍ തുടച്ച് അബ്ദുള്ളയും ഖദീജയും വധൂവരന്മാരെ അനുഗ്രഹിച്ചപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. മേല്‍പ്പറമ്പ് ഷമീം മന്‍സിലിലെ അബ്ദുള്ളയുടെയും ഖദീജയുടെയും വളര്‍ത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി.
മതം സ്‌നേഹത്തിന് വഴിമാറി; അബ്ദുള്ളയുടെയും, ഖദീജയുടെയും മകള്‍ക്ക് ക്ഷേത്രനടയില്‍ മാംഗല്യം അച്ഛനും അമ്മയ്‌ക്കുമൊപ്പം ഏഴാം വയസില്‍ കാസര്‍കോട് മേല്‍പ്പറമ്പില്‍ എത്തിയതാണ് രാജേശ്വരി . എന്നാല്‍ അച്ഛന്‍റെയും അമ്മയുടെയും മരണത്തോടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റാതെ രാജേശ്വരി നിസഹായയായി. അച്ഛന്‍ ശരവണന്‍ ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ജോലി ചെയ്‌തിരുന്നു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയതും കുടുംബത്തിന്‍റെ ഭാഗമായതും.
നവദമ്പതികള്‍ ബന്ധുക്കള്‍ക്കൊപ്പം അബ്ദുള്ളയുടെ മക്കളായ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ കുഞ്ഞുപെങ്ങളായി രാജേശ്വരി വളര്‍ന്നു. വിവാഹാലോചന വന്നപ്പോള്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചാണ് പുതിയകോട്ടയിലെ ബാലചന്ദ്രന്‍-ജയന്തി ദമ്പതികളുടെ മകന്‍ വിഷ്ണുവിന് രാജേശ്വരിയെ വിവാഹം കഴിച്ച് നല്‍കാന്‍ തീരുമാനിച്ചത്. കല്യാണം ക്ഷേത്രത്തില്‍ വേണമെന്ന് വിഷ്ണുവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ അബ്ദുള്ളയും ഖദീജയും സന്തോഷപൂര്‍വ്വം സമ്മതിച്ചു. എന്നാല്‍ മാതാപിതാക്കളുടെ സ്ഥാനത്തുള്ള അബ്ദുള്ളയും ഖദീജയുടെ ഇസ്ലാം മതസ്ഥര്‍ ആണെങ്കിലും അവര്‍ക്ക് കൂടി കല്യാണത്തില്‍ പങ്കുചേരാന്‍ അവസരമൊരുങ്ങണമെന്ന് വരന്‍റെ വീട്ടുകാരും ആഗ്രഹിച്ചു. അങ്ങനെയാണ് മുസ്ലിം സമുദായക്കാര്‍ക്കും കയറാവുന്ന കാഞ്ഞങ്ങാട് മന്യോട്ട് ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ക്ക് പന്തലൊരുങ്ങിയത്.
മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുന്ന രാജേശ്വരി അബ്ദുള്ളയുടെ 84-കാരിയായ മാതാവ് സഫിയുമ്മ ഉള്‍പ്പെടെ ബന്ധുക്കളെല്ലാം വിവാഹത്തിനെത്തി. ശ്രീകോവിലിന് മുന്നില്‍ വിഷ്ണു രാജേശ്വരിക്ക് മിന്നുകെട്ടിയപ്പോള്‍ മാനവ സ്നേഹത്തിന്‍റെ ഉദാത്തമായ കാഴ്ച്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്. ആനന്ദക്കണ്ണീര്‍ തുടച്ച് അബ്ദുള്ളയും ഖദീജയും വധൂവരന്മാരെ അനുഗ്രഹിച്ചപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. മനുഷ്യനന്മയ്ക്ക് മതവും ജാതിയും ദേശവുമില്ലെന്ന് തെളിയിക്കുകയാണ് ഈ വിവാഹം.