കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് അന്വേഷണ റിപ്പോർട്ട്. കെ ബി ഗണേഷ് കുമാർ എംഎൽഎയോടൊപ്പം പ്രദീപ് കുമാർ ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നുവെന്നും കണ്ടെത്തൽ. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം തുടരും.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ പ്രദീപിന്‍റെ അറസ്റ്റ് പാടില്ലന്നും കോടതി നിർദേശിച്ചു. പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ ജാമ്യഹർജിയിൽ തീരുമാനമാകുന്നതു വരെ അറസ്റ്റ് പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.
കെ.ബി ഗണേഷ്കുമാറിന്റെ പി.എയായ പ്രദീപിന് ഉന്നതസ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കന്‍ സാധ്യതയുള്ളതിനാല്‍ പ്രദീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിലുള്ളത്. നടൻ ദിലീപുമായി വ്യക്തിപരമായി ബന്ധമില്ലെന്നായിരുന്നു പ്രദീപ് കുമാറിന്‍റെ ആദ്യ മൊഴി. എന്നാൽ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ ഗണേഷ് കുമാർ എംഎൽഎയോടൊപ്പവും തനിച്ചും ദിലീപിനെ ജയിലിൽ സന്ദർശച്ചിരുന്നു എന്ന് പ്രദീപ് കുമാർ മൊഴി നൽകി.
ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണിയുമായി ഫോൺ വഴി ബന്ധപ്പെട്ടവെന്നും മൊഴിയിൽ പറയുന്നു. ദിലീപിനെ ആലുവ സബ് ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേസ് പൊലീസിന്റെ തിരക്കഥയാണെന്ന് പ്രതിഭാഗം ആരോപിച്ചു.