കാസർകോട്: സ്ഥലം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട്. അവിടെ ഒഴിഞ്ഞ വളപ്പില്‍ രവിയുടെ വീട്ടില്‍ ദിവസവും അതിരാവിലെ വരുന്ന സുഹൃത്താണ് ഈ കഥയിലെ താരം. രവിയും ഭാര്യ നിഷയും രാവിലെ എഴുന്നേറ്റ് വാതില്‍ തുറക്കുമ്പോൾ സുഹൃത്ത് ഉമ്മറത്തുണ്ടാകും.
കർഷകനൊപ്പം കൂടി വീട്ടിലെ അംഗമായി മാറിയ കൊക്ക് ആളെ കണ്ട് അമ്പരക്കേണ്ട.. ഒരു കൊക്കാണ് രവിയുടെ സുഹൃത്ത്. വാതിൽ തുറന്നാൽ നേരെ അകത്തേക്ക്. പിന്നെ അവിടെയും ഇവിടെയും കൊത്തി കൊത്തി നടക്കും. ഈ ആത്മബന്ധത്തിന് എട്ട് വർഷത്തെ സൗഹൃദച്ചൂടുണ്ട്...
ആ കഥയിങ്ങനെയാണ്... വർഷം 2014... കൃഷിപ്പണിക്കിടയില്‍ കാലൊടിഞ്ഞ ഒരു കൊക്കിന് രവി ഇരയെ പിടിച്ചു നല്‍കി. അത് പിന്നീട് സ്ഥിരമായി.. കാലുകൾ ശരിയായപ്പോൾ ആ സൗഹൃദം വീട്ടിലേക്കുമെത്തി.
കൊച്ചേ എന്ന് നീട്ടി വിളിച്ചാൽ എവിടെയാണെങ്കിലും കൊക്ക് പറന്നെത്തും. നങ്കാണ് ഇഷ്ട ഭക്ഷണം. ഒറ്റയിരിപ്പിൽ അഞ്ചെണ്ണം വരെ അകത്താക്കും. വീട്ടിൽ അപരിചിതർ എത്തിയാൽ പറന്നു പോകും. വീട്ടുകാരുമായി നല്ല സൗഹൃദം ഉണ്ടെന്ന് മനസിലാക്കിയാൽ മാത്രമേ പിന്നെ അവിടെ വരുകയുള്ളൂ.
മീനോ ഇറച്ചിയോ കൊടുത്താൽ ഹാപ്പിയാണ്. ഒറ്റ കൊത്തിനു വിഴുങ്ങും. പക്ഷേ സുഹൃത്തിന് ഇടയ്ക്കൊരു മുങ്ങലുണ്ട്. ആറ് മാസം കഴിയുമ്പോൾ വീണ്ടുമെത്തും. ആ പോക്ക് മുട്ടയിടാനായിരിക്കുമെന്നാണ് രവി പറയുന്നത്. അജ്ഞാത വാസത്തിന് ശേഷം കഴിഞ്ഞ ഒക്ടോബർ 24-നാണ് സുഹൃത്ത് വീണ്ടും രവിയെ തേടി എത്തിയത്. ഇനി മെയ് മാസം വരെ ഇവിടെയുണ്ടാകും.
ഈ കഥ ഇവിടെ അവസാനിക്കുന്നില്ല... സമയം സന്ധ്യാകുന്നു... സുഹൃത്ത് സ്വന്തം കൂട്ടിലേക്ക് മടങ്ങുകയാണ്... നാളെ രാവിലെ വീണ്ടും കാണാമെന്ന ഉറപ്പുമായി...