കാസർകോട്: കനത്ത മഴയിൽ കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ് ഏറെ നാശനഷ്ടം റിപ്പോർട്ട് ചെയ്‌തത്. മലയോര മേഖലകളിൽ ഉള്ളവർ തിങ്കളാഴ്ച വരെ മാറി താമസിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ ജില്ലയിൽ റെഡ് അലർട്ട് നൽകി.
കനത്ത മഴ; കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ - കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കാസർകോട് കനത്ത മഴയെ തുടർന്ന് മലയോര മേഖലകളിൽ ഉള്ളവർ തിങ്കളാഴ്ച വരെ മാറി താമസിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി.
![കനത്ത മഴ; കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4086483-thumbnail-3x2-ksd-rain.jpg)
നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കാസർകോട്ടെ പുഴകൾ മിക്കതും കരകവിഞ്ഞൊഴുകുകയാണ്. പുഴയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വ്യാഴാഴ്ച്ച രാത്രി മുതലാണ് കനത്ത മഴയും കാറ്റും ശക്തമായത്. വെള്ളം കയറിയ മേഖലകളിൽ നിന്നും ആൾക്കാരെ മാറ്റി താമസിപ്പിക്കുന്നുണ്ട്. നിലവിൽ ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലായി രണ്ട് ക്യാമ്പുകൾ തുറന്നു. മലയോരമേഖലകളിൽ മഴ ശക്തമായി തുടരുന്നത് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
താലൂക്ക് പരിധിയിൽ നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി, പോടോതുരുത്തി തുടങ്ങിയ മേഖലകളിലെ മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നതാണ് ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജില്ലയിൽ ഒരു കോടിയോളം രൂപയുടെ കാർഷിക നഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. മലയോര മേഖലകളിൽ മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്നുണ്ട്. തീരദേശ മേഖലകളിൽ കടലാക്രമണവും രൂക്ഷമാണ്.