കാസർകോട് :Heart Touching Story Of A Cuckoo : അങ്ങനെ ഒരാഴ്‌ച കാലത്തെ പരിചരണത്തിന് ശേഷം കുയിലമ്മ പതിയെ പറക്കാൻ തുടങ്ങിയിരിക്കുന്നു. ജീവൻ രക്ഷിച്ചതിന്‍റെ സന്തോഷമുണ്ടെങ്കിലും പുള്ളിക്കുയില്‍ പിരിയുന്നതിന്‍റെ വേദനയുണ്ട് ചാലക്കടവിലെ കരുണകാരന്‍റെ വാക്കുകളില്‍. പരുന്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുയിലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കരുണാകരനും മക്കളായ മനസ്വിജയും മാനസയും രാവും പകലും കൂട്ടിരുന്നു.
സ്‌കൂളിൽ പോകുമ്പോൾ മാനസ ആഹാരം കൊടുക്കും. പിന്നെ സംരക്ഷണം കരുണാകരനാണ്. ചുണ്ടുപിളർത്തി പാലൊഴിച്ച് കൊടുക്കുമ്പോൾ കുയിൽ ചിറകിട്ടടിക്കും. പിന്നെ വിരലുകളിൽ കൊക്കുരുമ്മി നന്ദി പ്രകടിപ്പിക്കും.
പത്തു ദിവസം മുൻപാണ് വീടിന്‍റെ പിന്നിലെ പനയിൽ നിന്നും പരുന്തിന്‍റെ അക്രമണത്തില്‍ കുയിൽ വീണത്. പരുന്തിന്‍റെ നഖം കൊണ്ട് തൊണ്ടയിലെ മാംസ ഭാഗങ്ങൾ അടർന്നുപോയിരുന്നു. ഇതുകണ്ട കരുണാകരൻ മുറിവില്‍ മരുന്ന് വച്ചുകെട്ടി, കുയിലിന്‍റെ സംരക്ഷണം ഏറ്റെടുത്തു.
കഴുത്തിന് പരിക്കേറ്റതിനാൽ മിണ്ടാട്ടം ഇല്ലായിരുന്നു. സ്‌കൂൾ വിട്ടുവന്നാൽ മാനസയുടെയും മനസ്വിജയുടെയും കളിയും ചിരിയും കുയിലിനൊപ്പമാണ്. ആദ്യ മൂന്ന് ദിവസം ജലപാനം ഉണ്ടായില്ലെങ്കിലും കരുണാകരന്‍റെ പരിചരണത്തില്‍ കുയില്‍ പതിയെ പാൽ കഴിച്ചുതുടങ്ങി.