കാസർകോട് : ഞങ്ങളെല്ലാം ഹെൽത്തിയാണ് ! കാസർകോടുകാര്‍ പറയും. കാരണം, ആരോഗ്യ വിപ്ലവത്തിന് നേതൃത്വം നൽകുന്ന രണ്ട് ജിം പരിശീലകരുണ്ട് ഇവർക്കുവേണ്ടി ഇവിടെ. മരുന്നടിയും ഉത്തേജകവുമില്ലാതെ ശരീരത്തെ ഒരുക്കുന്നതിന് മാതൃക കാട്ടുകയാണ് ചീമേനി പൊതാവൂർ സ്വദേശി ഷിജുവും പയ്യന്നൂർ കുണ്ടയം കൊവ്വൽ സ്വദേശി നവീൻ കുമാറും.
ആരോഗ്യ പരിശീലനം മാത്രമല്ല, മനുഷ്യ ശരീരത്തിന്‍റെ അമ്പരിപ്പിക്കുന്ന രസതന്ത്രത്തെ കുറിച്ചുള്ള 'മനുഷ്യ ശരീരത്തിന്‍റെ വാസ്‌തു ശാസ്‌ത്രം ', 'ആരോഗ്യ വിപ്ലവം ജിംനേഷ്യത്തിലൂടെ' എന്ന പുസ്‌തകങ്ങളും ഇവർ എഴുതിയിട്ടുണ്ട്. സ്റ്റിറോയിഡ് പോലെയുള്ള ഉത്തേജക മരുന്നിന്‍റെ ഉപയോഗവും ദുരന്ത ചിത്രവും ഈ പുസ്‌തകത്തിൽ നവീനും ഷിജുവും വരച്ചു കാട്ടുന്നു. കേരളത്തിൽ തന്നെ മരുന്ന് അടിക്കാതെ മസിൽ പെരുപ്പിക്കാനുള്ള അപൂർവം ജിംനേഷ്യങ്ങളിൽ ഒന്നായി മാറുകയാണ് ഷിജുവിന്‍റെ വെള്ളരിക്കുണ്ടിലെ മസിൽ ആൻഡ് ഫിറ്റ്നസ് മൾട്ടി ജിമ്മും നവീനിന്‍റെ ആലക്കോടിലെ വെൽനെസ് മൾട്ടി ജിമ്മും.