കാസർകോട്: പള്ളി മുറ്റത്ത് മേഞ്ഞു നടക്കുന്ന ഒരു സുന്ദരൻ കുതിര. കാണുമ്പോൾ ആരിലും കൗതുകമുണർത്തുന്ന ഈ കാഴ്‌ച കാണാൻ സാധിക്കുന്നത് ചരിത്രവും വിശ്വാസവും ഇഴച്ചേർന്ന കാസർകോട് തളങ്കരയിലെ മാലിക് ദീനാർ പള്ളിയിലാണ്. പള്ളിയിലേക്കെത്തുന്ന ഓരോ വിശ്വാസികളിലും കൗതുകം നിറക്കുകയാണ് ഈ സുന്ദരൻ. വിശാലമായ പള്ളി പറമ്പിൽ മേയുന്ന ഈ ആൺ കുതിരയെ കാണാൻ നിരവധി പേരാണ് പള്ളിയിലേക്കെത്തുന്നത്. നീണ്ട വാലും വലിയ ആകാരവുമൊക്കെയായി ചന്തമേറെയുണ്ട് ഈ കുതിരയ്‌ക്ക്.
പള്ളി മുറ്റത്ത് കൗതുകം നിറച്ച് ഒരു സുന്ദരൻ കുതിര - malik dinar church
കർണാടകയിലെ തുംകൂർ സ്വദേശി മുഹമ്മദ് ഷംസീർ നേർച്ച നേർന്നതാണ് ഈ കുതിരയെ.
കർണാടകയിലെ തുംകൂർ സ്വദേശി മുഹമ്മദ് ഷംസീർ നേർച്ച നേർന്നതാണ് ഈ കുതിരയെ. കേരളത്തിലെ മത പ്രബോധന ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള മാലിക് ദീനാർ പള്ളിയിലേക്ക് ഇതാദ്യമായാണ് ഒരു കുതിരയെ നേർച്ചയിരുത്തുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നടക്കം നിരവധി വിശ്വാസികൾ വരുന്ന ആരാധനലയത്തിലേക്ക് സ്വർണം അടക്കമുള്ളവ നേർച്ചയായി എത്താറുണ്ടെങ്കിലും ഒരു കുതിരയെ നേർച്ചയായി ലഭിക്കുന്നത് ഇന്നാട്ടുകാർക്കാകെ പുതിയ അനുഭവം ആണ്. ആഗ്രഹിച്ച കാര്യം സഫലമായതിന്‍റെ സന്തോഷത്തിലാണ് മുഹമ്മദ് ഷംസീർ കുതിരയെ നേർച്ചയായി പള്ളിയിലേക്കെത്തിച്ചത്. മാലിക് ദീനാർ മക്ബറയിലെ വെള്ളി കൊണ്ടുള്ള വാതിലും ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു കർണാടക സ്വദേശി സമർപ്പിച്ചതാണ്.
നേർച്ചയായി കിട്ടിയ കുതിരയെ ലേലത്തിൽ വിൽക്കണോ പള്ളി വളപ്പിൽ വളർത്തണോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. വനം വകുപ്പിന്‍റെ ഉപദേശവും പള്ളി കമ്മിറ്റി തേടിയിട്ടുണ്ട്. അതേ സമയം പള്ളിയിലേക്കെത്തുന്ന വിശ്വാസികളിൽ സന്തോഷവും കൗതുകവും നിറച്ച് മേഞ്ഞ് നടക്കുകയാണ് ഈ സുന്ദരൻ കുതിര.