കേരളം

kerala

ETV Bharat / state

പ്രഖ്യാപനം വാക്കിലൊതുങ്ങി; കാലാവധി കഴിഞ്ഞിട്ടും നവകേരള സദസിലെ പരാതികൾക്ക് പരിഹാരമായില്ല - പരാതി

Navakerala Sadas Grievances status: കാസർകോട് നവകേരള സദസിൽ ലഭിച്ച പരാതികൾക്ക് പ്രഖ്യാപിച്ച കാലാവധിയ്‌ക്കുള്ളിൽ പൂർണമായും പരിഹാരം കാണാൻ സർക്കാറിനായില്ല. 45 ദിവസത്തിനകം മുഴുവൻ പരാതികളും തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Navakerala Sadas  നവകേരള സദസ്  പരാതി  CM Pinarayi Vijayan
Grievances in Navakerala Sadas were not resolved completely on term that announced by the government

By ETV Bharat Kerala Team

Published : Jan 2, 2024, 3:57 PM IST

കാസർകോട്: സർക്കാർ പ്രഖ്യാപിച്ച 45 ദിവസത്തെ കാലാവധി പൂർത്തിയായിട്ടും നവകേരള സദസിൽ എത്തിയ പരാതികൾ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞില്ല (Grievances in Navakerala Sadas were not resolved on time). നവകേരള സദസ് ആദ്യം നടന്ന കാസർകോട് ജില്ലയിൽ 50 ശതമാനത്തിൽ താഴെ പരാതികൾ മാത്രമാണ് പരിഹരിക്കപ്പെട്ടത്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ അതിവേഗ നടപടിയെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലായിട്ടില്ല.

പരാതി പരിഹരിക്കാൻ പരമാവധി 45 ദിവസം മതിയെന്നും മുഴുവൻ പരാതികളും തീർപ്പാക്കുമെന്നും നവകേരള സദസ്( Navakerala Sadas) തുടങ്ങിയ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പ്രഖ്യാപിച്ചിരുന്നു. അഞ്ച് മണ്ഡലങ്ങളിലായി 14,704 പരാതികളാണ് ലഭിച്ചത്. 45 ദിവസം കഴിഞ്ഞപ്പോൾ പരിഹാരമായത് 5,917 പരാതികൾ മാത്രമാണ്.

4,715 പരാതികൾ അന്തിമ ഘട്ടത്തിലാണെന്നും 4,072 പരാതികൾ വിവിധ വകുപ്പുകളുടെ പരിഗണനയിൽ ആണെന്നുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. താരതമ്യേന കുറവ് പരാതികൾ ലഭിച്ച കാസർകോട് ജില്ലയിൽ ഇതാണ് സ്ഥിതിയാണെങ്കിൽ മറ്റു ജില്ലകളിലും പരാതി പരിഹാരം വൈകും. അതേസമയം നവകേരള സദസ് നടന്ന മണ്ഡലങ്ങളില്‍ ലഭിച്ച അപേക്ഷകള്‍ പൂര്‍ണ്ണമായും ഒരാഴ്‌ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്‌ടര്‍ കെ ഇമ്പശേഖര്‍ നിർദേശം നൽകിയിട്ടുണ്ട്.

കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ അവലോകനയോഗം ജനുവരി അഞ്ചിന് ചേരുമെന്നും അതിന് മുമ്പേ തന്നെ അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും കളക്‌ടര്‍ അറിയിച്ചു.

പരാതികളുടെ മണ്ഡലം തിരിച്ചുള്ള കണക്ക്:

മഞ്ചേശ്വരം മണ്ഡലം

ആകെ ലഭിച്ചത്: 2005

തീര്‍പ്പാക്കിയത്: 687

പരിഗണനയിലുള്ളത്: 1215

അന്തിമഘട്ടത്തിലുള്ളത്: 660

കാസര്‍കോട് മണ്ഡലം

ആകെ ലഭിച്ചത്: 3477

തീര്‍പ്പാക്കിയത്: 1177

പരിഗണനയിലുള്ളത്: 1485

അന്തിമഘട്ടത്തിലുള്ളത്: 985

ഉദുമ മണ്ഡലം

ആകെ ലഭിച്ചത്: 3744

തീര്‍പ്പാക്കിയത്: 1636

പരിഗണനയിലുള്ളത്: 1267

അന്തിമഘട്ടത്തിലുള്ളത്: 1376

കാഞ്ഞങ്ങാട് മണ്ഡലം

ആകെ ലഭിച്ചത്: 2892

തീര്‍പ്പാക്കിയത്: 1216

പരിഗണനയിലുള്ളത്: 756

അന്തിമഘട്ടത്തിലുള്ളത്: 920

തൃക്കരിപ്പൂര്‍ മണ്ഡലം

ആകെ ലഭിച്ചത്: 2590

തീര്‍പ്പാക്കിയത്: 1201

പരിഗണനയിലുള്ളത്: 406

അന്തിമഘട്ടത്തിലുള്ളത്: 983

കാലതാമസമെടുക്കും; മന്ത്രി കെ രാജൻ :

നവകേരള സദസിൽ ലഭിച്ച പരാതികൾക്ക് പരിഹാരം കാണാൻ കാലതാമസമെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അടുത്തിടെ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലേറെ പരാതികൾ വരുമ്പോൾ സ്വാഭാവികമായും കാലതാമസം വരുമെന്നാണ് അദ്ദേഹം വിശദീകരണമായി പറഞ്ഞത്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കൂടാതെ നവകേരള സദസിൽ ലഭിച്ച പരാതികൾ വിവിഐപി പരാതികളായി പരിഗണിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലഭിച്ച ചില പരാതികൾ ജനങ്ങളുടെ പൊതു പ്രശ്‌നങ്ങളാണ്. ചിലത് നിയമങ്ങളിലും ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതാണ്. ചിലത് മന്ത്രിസഭ തീരുമാനമെടുക്കേണ്ടതും ആണ്. ഇതിനായി സമയമെടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

ആദ്യഘട്ടം പരാതികൾ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ഘട്ടത്തിൽ അതാത് ജില്ലകളിൽ തന്നെ പരിഹാരം കണ്ടുകൊണ്ട് ജില്ലാ ഭരണകൂടം തന്നെ ബന്ധപ്പെട്ട വകുപ്പുകളെ ഏൽപ്പിക്കുക എന്നതാണ്. പരാതികൾ എല്ലാ ജില്ലകളിലും രജിസ്റ്റർ ചെയ്‌ത് കഴിഞ്ഞതായും ജില്ലാ ഭരണകൂടം അതാത് വകുപ്പുകളെ ഏൽപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.

വകുപ്പുകളിൽ ലഭ്യമാകുന്ന പരാതികളിൽ ജില്ലയ്ക്ക് അകത്ത് നടക്കേണ്ടതാണെങ്കിൽ 30 ദിവസത്തിനകം പരിഹാരം കാണണമെന്നും സംസ്ഥാന കേന്ദ്രത്തിന് അകത്താണെങ്കിൽ 45 ദിവസത്തിനകം പരിഹാരം കാണണമെന്നും അജണ്ട വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.

Also read: നവകേരള സദസ്: പരാതികള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ന് യോഗം

ABOUT THE AUTHOR

...view details