കാസര്‍കോട്:ജൂണ്‍ മൂന്ന് അന്താരാഷ്‌ട്ര സൈക്കിള്‍ ദിനമാണ്. സൈക്കിള്‍ ഉപയോഗത്തിന്‍റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്‌കൂളുണ്ട് കാസർകോട് ജില്ലയില്‍. പ്രകൃതിയോട് ഇണങ്ങിയ ഇരുചക്ര വാഹനത്തിന്‍റെ പെരുമയിലൂടെ പേരെടുത്ത ഉദിനൂര്‍ ഗവ.ഹയര്‍സെക്കൻഡറി സ്‌കൂള്‍.
സൈക്കിള്‍ ഉപയോഗത്തിന്‍റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രോത്‌സാഹിപ്പിക്കുന്ന സ്‌കൂളിനെ അറിയാം... മനം നിറയ്‌ക്കും ആ കാഴ്‌ച:ആയിരത്തി നാനൂറ് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതില്‍ ആയിരത്തി ഇരുനൂറ്റമ്പത് പേരും എത്തുന്നത് ഈ ഇരുചക്ര വാഹനത്തിലാണ്. അതുകൊണ്ട് തന്നെ വിദ്യാലയത്തിന് ബസ് സര്‍വീസ് ഒരു ആവശ്യമേയല്ല. ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുന്നതും ഇവിടെയാണ്. രാവിലെയും വൈകിട്ടും വിദ്യാലയ വഴികളും പരിസരവും സൈക്കിൾ കൊണ്ട് നിറയും. വഴിയില്‍ സൈക്കിൾ മാത്രം നിറയുന്ന ആ യാത്ര മനോഹര കാഴ്‌ചയാണ്.
സ്‌കൂള്‍ ആരംഭിച്ച 1981 മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ സൈക്കിള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍, ഇടയിലേക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സ്‌കൂളിനടുത്തേക്ക് ബസ് സൗകര്യം പരിമിതമാണ്. വിദ്യാലയത്തില്‍ ചേരാൻ എത്തുമ്പോൾ രക്ഷിതാക്കളോട് സൈക്കിളിന്‍റെ കാര്യം സൂചിപ്പിക്കും. അടുത്ത അധ്യയന വർഷത്തോടെ മുഴുവൻ കുട്ടികൾക്കും സ്വന്തമായി സൈക്കിൾ എന്ന ലക്ഷ്യവും മുന്നിലുണ്ട്.
ഇവിടെ ഒന്നും ഏല്‍ക്കില്ല:സാമ്പത്തികമായി പ്രയാസം നേരിടുന്ന കുടുംബത്തിലെ കുട്ടികൾക്ക് സ്‌പോൺസർമാർ വഴി സൈക്കിൾ വാങ്ങി നൽകാനാണ് അധ്യാപകരുടെ ശ്രമം. അപകടം ഒഴിവാക്കാന്‍ വഴികളിൽ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു പോലെയുള്ള സൈക്കിൾ നിരവധി പേര്‍ക്കുള്ളതിനാല്‍ മാറിപോകാതിരിക്കാന്‍ നമ്പർ ഇട്ടിട്ടുണ്ട്.
ഹർത്താലും പണിമുടക്കുമൊന്നും ഈ കുട്ടികളുടെ പഠനത്തെ ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം, പരിസ്ഥിതി സൗഹാര്‍ദം, കായിക - മാനസിക ക്ഷമത വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ മറ്റ് ലക്ഷ്യങ്ങളുമുണ്ട് പിന്നില്‍. ലോക സൈക്കിൾ ദിനത്തിന്‍റെ ഭാഗമായി റാലി സംഘടിപ്പിക്കാനും കുട്ടികള്‍ മറന്നില്ല.