കാസർകോട് :ദൈവത്തിന്‍റെ സ്വന്തം നാട് കാണാൻ 2019ലാണ് ജർമ്മൻ ദമ്പതികളായ റാൽഫ് ആപേലും ആൻഡ്രിയ ആപേലും എത്തിയത്. കേരള സന്ദർശനത്തിനിടെ കാസർകോട് ജില്ലയിലും എത്തി (German couple Kasargod). ഇതിനിടയിലാണ് ദമ്പതികൾ അവിചാരിതമായി ചേരാപ്പടി ഗവൺമെന്‍റ് എൽ പി സ്‌കൂളിലെത്തിയത്.
സ്‌കൂളിലെ ചുറ്റുപാടും പഠന രീതിയും ജർമൻ ദമ്പതികൾക്ക് നന്നായി ബോധിച്ചു. കുട്ടികളുമായി ഇടപഴകിയതോടെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്‌ത് നൽകാമെന്ന് സ്‌കൂൾ അധികൃതർക്ക് വാക്ക് നൽകി നാട്ടിലേക്ക് മടങ്ങി. പിന്നീട് കൊവിഡ് വ്യാപിച്ചതോടെ ദമ്പതികൾക്ക് കേരളത്തിലേക്ക് വരാൻ സാധിക്കാതെയായി.
അതിനിടെ റാൽഫ് ആപേലും ആൻഡ്രിയ ആപേലും പറഞ്ഞ വാക്ക് അധ്യാപകരും കുട്ടികളും മറന്നു. ഇനി അവർ സ്‌കൂളിലേക്ക് വരില്ലെന്ന് കരുതി. പക്ഷേ പറഞ്ഞ വാക്ക് മറക്കാൻ ജർമ്മൻ ദമ്പതികൾ തയാറായിരുന്നില്ല. മഹാമാരിക്ക് ശേഷം ഈ വർഷം കേരളത്തിലെത്തിയ ദമ്പതികൾ നേരെ ചെന്നത് സ്‌കൂളിലേക്കാണ്. അടച്ചിട്ട മുറിയിൽ കാറ്റും വെളിച്ചവും ഇല്ലാതെ കുട്ടികൾ പുസ്‌തകങ്ങൾ വായിക്കുന്നത് കണ്ടപ്പോൾ വിദ്യാർഥികൾക്കായി ഒരു വായനക്കൂടാരം ഒരുക്കാൻ ജർമ്മൻ ദമ്പതികൾ തീരുമാനിച്ചു.
രണ്ട് ലക്ഷം രൂപ ചെലവാക്കിയാണ് ചേരാപ്പടി ഗവൺമെന്‍റ് എൽ പി സ്‌കൂളിൽ വായന കൂടാരം പണിത് നൽകിയത് (german couple gifted vayanakudaram). ദമ്പതികളുടെ തീരുമാനത്തിനൊപ്പം അധ്യാപകരും മാതാപിതാക്കളും നാട്ടുകാരും ഒരുമിച്ചതോടെ പതിനഞ്ച് ദിവസത്തിനകം വായനാകൂടാരം പൂർത്തിയായി. ഒഴിവ് സമയങ്ങളിൽ എല്ലാം കുട്ടികൾ വായനകൂടാരത്തിൽ എത്തി പുസ്‌തകങ്ങൾ വായിക്കും. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ ജർമ്മൻ ദമ്പതികളും ഹാപ്പി. കുട്ടികളോടും അധ്യാപകരോടും സന്തോഷം പങ്കുവെച്ചും സ്‌കൂളിലെ ഭക്ഷണം കഴിച്ചുമാണ് ഇവർ ജർമ്മനിയിലേക്ക് മടങ്ങിയത്.