കാസർകോട്: കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലും കൊലപാതകം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ ഗുണ്ടാ തലവൻ പൈവളികെ സ്വദേശി യൂസഫ് സിയ എന്ന സിയയെ വിയ്യൂരിലെ അതിസുരക്ഷ സെല്ലിൽ നിന്നും കാസർകോട് സബ് ജയിലിലേക്ക് മാറ്റി. സംഭവത്തിൽ സുരക്ഷാ പ്രശ്ങ്ങൾ ഉന്നയിച്ച് രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് റിപ്പോർട്ട് അയച്ചിട്ടുണ്ട്.
സിയ കാസർകോട് എത്തിയാൽ അധോലോക സംഘങ്ങൾ കൂടുതൽ സജീവമാകാൻ സാധ്യത ഉണ്ടെന്നും സിയയുടെ കൂട്ടാളികളിൽ ചിലർ സബ് ജയിലിൽ ഉണ്ടെന്നും പൊലീസും രഹസ്യാന്വേഷണ വിഭാഗവും ആശങ്കപ്പെടുന്നു. സിയയെ കാണാൻ സന്ദർശകർ എത്തുന്നതും സുരക്ഷ ഭീഷണിയാകും.
കാസർകോട് സബ് ജയിലിൽ 28 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമേ ഉള്ളു. നിലവിൽ 90 ലേറെ തടവുകാരും ഉണ്ട്. പ്രത്യേക സെല്ലുകൾ ഇല്ലാത്തതിനാൽ മറ്റു തടവുകാരുടെ കൂടെയാണ് സിയയെയും പാർപ്പിച്ചിരിക്കുന്നത്. ബാളിഗെ അസീസ്, ഉപ്പളയിലെ കാലിയ റഫീഖ്, മംഗളുരുവിലെ ഡോൺ തസ്‌ലീം എന്നീ കൊലപാതക കേസുകളിലെ പ്രതിയാണ് സിയ.
പ്രായമായ മാതാവിനും ഭാര്യക്കും മക്കൾക്കും തൃശൂരിൽ വന്ന് കാണാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് സിയ നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് ജയിൽ മാറ്റി ഉത്തരവിട്ടത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സിയയെ മുംബൈ വിമാനത്താവളത്തിൽ വച്ച് തീവ്രവാദവിരുദ്ധ സേനയാണ് പിടികൂടിയത്. പിന്നീട് കേരള പൊലീസിന് കൈമാറുകയായിരുന്നു.