കാസർകോട്: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മഞ്ചേശ്വരത്തെ വോട്ടുകളുടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിങ്ങിൽ വലിയ മാറ്റം ഉപതെരഞ്ഞെടുപ്പിലുണ്ടായിട്ടില്ല. ശക്തികേന്ദ്രങ്ങളിൽ വോട്ട് വർധിച്ചെന്നും എതിരാളികളുടെ വോട്ട് ഭിന്നിച്ചുവെന്നുമാണ് മുന്നണി നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍.
വിജയം പ്രതീക്ഷിച്ച് മുന്നണികൾ 2,14,779 വോട്ടർമാരിൽ 1,62,750 വോട്ടർമാരാണ് ഉപതെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 75.82 ശതമാനം പേർ എങ്ങനെ ചിന്തിച്ചുവെന്നതിന്‍റെ ഫലം അറിയാനുള്ള ആകാംക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ തവണ 89 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫിനെ തുണച്ച മണ്ഡലത്തിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വോട്ടുകൾ കൂട്ടിക്കിഴിക്കുമ്പോഴും പരസ്‌പര ആരോപണങ്ങള്‍ക്കും കുറവുണ്ടായിട്ടില്ല.
തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോളിങ് വർധിച്ചത് ഗുണകരമാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ പറഞ്ഞു. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് ബിജെപി ആരോപണമുന്നയിക്കുന്നു. തങ്ങളുടെ പരമ്പരാഗത വോട്ടുകൾക്കൊപ്പം മറ്റു ന്യൂനപക്ഷ വോട്ടുകളും സമാഹരിക്കാൻ സാധിച്ചു. എങ്കിലും സിപിഎം-മുസ്ലിം ലീഗ് ഒത്തുകളി നടന്നതായി ബിജെപി സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. ന്യൂനപക്ഷ ഏകീകരണമെന്നത് ഇക്കുറി ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ തനിക്കൊപ്പം നിന്നുവെന്നും എൽഡിഎഫ് സ്ഥാനാർഥി എം.ശങ്കർ റൈ അഭിപ്രായപ്പെട്ടു.
വോട്ടെടുപ്പ് കഴിഞ്ഞ അടുത്ത മണിക്കൂറുകൾ മുതൽ തന്നെ ബൂത്തുകൾ തിരിച്ചുള്ള കണക്കുകളുടെ പരിശോധനയിലാണ് പാർട്ടി നേതൃത്വങ്ങൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മൂവായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം ബിജെപിയും കണക്കുകൂട്ടുന്നുണ്ട്. എന്നാൽ അട്ടിമറി വിജയത്തിലൂടെ തുളുനാടൻ മണ്ണിൽ വിജയഗാഥ രചിക്കാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.