കാസർകോട്:ഓരുജല മത്സ്യകൃഷിയില്‍ വിജയം കൊയ്‌ത് സുഹൃത്തുക്കള്‍. വലിയ പറമ്പ ഇടയിലക്കാട്ടെ മൂന്ന് കര്‍ഷകരാണ് കായല്‍ മത്സ്യകൃഷിയെ മുഖ്യവരുമാനമാക്കിയത്. കവ്വായി കായലിലാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ പി.പി. രാമചന്ദ്രന്‍, യു. കമലാക്ഷന്‍, പി.പി. ദാമോദരന്‍ എന്നിവരുടെ മത്സ്യകൃഷി.
ഓരുജല മത്സ്യകൃഷിയില്‍ വിജയം കൊയ്‌ത് സുഹൃത്തുക്കള്‍ - ഓരുജല മത്സ്യകൃഷി
മീനിന് കിലോയ്ക്ക് 400 മുതല്‍ 600 രൂപ വരെ മാര്‍ക്കറ്റില്‍ വില ലഭിക്കുന്നുണ്ട്
വല നിറയെ കാളാഞ്ചിയും, കരിമീനും. കവ്വായി കായലില്‍ നിന്നാണ് മൂവര്‍ സംഘം വലനിറയെ മീന്‍ കോരുന്നത്. ശാസ്ത്രീയമായ കൃഷി രീതിയിലൂടെയാണ് ഇവര്‍ വരുമാനം കണ്ടെത്തുന്നത്. കായലിനോട് ചേര്‍ന്ന് നിര്‍മിച്ച രണ്ടു കുളങ്ങളിലാണ് മത്സ്യകൃഷി. കരിമീന്‍ കൃഷിയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 50 സെന്‍റ് സ്ഥലത്ത് പ്രകൃതിദത്ത രീതിയില്‍ കായലിലെ വേലിയേറ്റ വേലിയിറക്ക വേളയിലെ ആവാസ വ്യവസ്ഥ നിലനിര്‍ത്തിയാണ് കൃഷിയിറക്കിയത്.
നേരത്തെ ചെമ്മീന്‍ കൃഷി ചെയ്‌ത് വന്ന ഇവര്‍ ആദ്യമായാണ് കരിമീന്‍ കൃഷിയിലേക്ക് തിരിയുന്നത്. ആലപ്പുഴയില്‍ നിന്നുമെത്തിച്ച 6,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് ഒരു വര്‍ഷം കൊണ്ട് കൃഷിയില്‍ മികച്ച വിജയം ഇവര്‍ നേടിയത്. ഇവിടെ നിന്നുമുള്ള മീനിന് കിലോയ്ക്ക് 400 മുതല്‍ 600 രൂപ വരെ മാര്‍ക്കറ്റില്‍ വില ലഭിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്‍റെ പ്രോത്സാഹനവും ഈ മൂവര്‍ സംഘത്തിന്‍റെ ഓരുജല കൃഷിക്ക് ലഭിക്കുന്നുണ്ട്.