കേരളം

kerala

ETV Bharat / state

പറഞ്ഞു പറ്റിച്ച സർക്കാരേ നിങ്ങൾ അറിയുന്നുണ്ടോ, ഈ ദുരിത ബാധിതരുടെ അവസ്ഥ

കാസർകോട് ജില്ലയില്‍ എന്‍ഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കേണ്ട സൗജന്യ മരുന്നും ചികിത്സയും മുടങ്ങുന്നതായി പരാതി. സർക്കാർ സഹായം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

entosulfan neethi medicals  Endosulfan  kerala news  malayalam news  neethi medicals  neethi medicals Kasaragod  national health mission  free treatment for Entosulfan sufferers  എന്‍ഡോസൾഫാൻ  എന്‍ഡോസൾഫാൻ ദുരിതബാധിതർ  നാഷണൽ ഹെൽത്ത് മിഷൻ  സൗജന്യമായി മരുന്നുകൾ  നീതി മെഡിക്കൽ സ്റ്റോറുകൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ
മരുന്നും ചികിത്സയും മുടങ്ങുന്നു

By

Published : Mar 20, 2023, 7:35 PM IST

എന്‍ഡോസൾഫാൻ ദുരിതബാധിതർ പ്രതിസന്ധിയിൽ

കാസർകോട് : ശാരീരിക അസ്വസ്ഥകൾക്കൊപ്പം മരുന്നും മുടങ്ങുന്ന അവസ്ഥ... കാസർകോട്ടെ എന്‍ഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാരുടെ മനസ് നിറയെ ആശങ്കയാണ്. സൗജന്യമായി ലഭിച്ചിരുന്ന മരുന്നും ചികിത്സയും കൂടി മുടങ്ങിയാൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാത്ത അവസ്ഥ.

നാഷണൽ ഹെൽത്ത് മിഷൻ നൽകിയിരുന്ന സഹായം മുടങ്ങിയതോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ സൗജന്യ ചികിത്സയും മരുന്ന് വിതരണവും പ്രതിസന്ധിയിലായത്. ആശുപത്രികൾക്കും നീതി മെഡിക്കൽ സ്റ്റോറുകൾക്കും കുടിശികയായി നൽകാനുള്ളത് രണ്ട് കോടിയിലധികം രൂപയാണ്. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫണ്ടും ഇതുവരെ നൽകിയിട്ടില്ല.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് നാഷണൽ ഹെൽത്ത് മിഷൻ നൽകിയിരുന്ന സഹായം അവസാനമായി ലഭ്യമായത്. നീതി സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണത്തിൽ നിലവിലുണ്ടായിരുന്ന കുടിശിക കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നൽകുമെന്നായിരുന്നു തീരുമാനം. ഇതിനായി സംസ്ഥാന സർക്കാർ നാല് കോടി 17 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

മരുന്നുകൾ മുടങ്ങുന്നു: സർക്കാർ പ്രഖ്യാപിച്ച സഹായം കടലാസിൽ മാത്രം ഒതുങ്ങി. ദുരിത ബാധിത മേഖലകളിലെ നീതി മെഡിക്കൽ സ്റ്റോറുകൾക്ക് ആറ് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് കുടിശിക ലഭിക്കാനുള്ളത്. പലയിടങ്ങളിലും നീതി മെഡിക്കൽ സ്റ്റോറിലൂടെയുള്ള മരുന്ന് വിതരണം ഇതിനകം മുടങ്ങി കഴിഞ്ഞു. നിലവിൽ 5000ത്തിലധികം പേർക്കാണ് സൗജന്യ ചികിത്സയും മരുന്നും ലഭിക്കുന്നത്.

കള്ളാർ പഞ്ചായത്തിൽ സൗജന്യ മരുന്ന് വിതരണം നിലച്ചിട്ട് രണ്ടു മാസമായി. പുല്ലൂർ -പെരിയ പഞ്ചായത്തിലും അടുത്തു തന്നെ സൗജന്യ മരുന്ന് വിതരണം നിർത്താനാണ് സാധ്യത. മംഗളൂരുവിലെ കെഎംസി, യേനപ്പേയ മെഡിക്കൽ കോളജ്, മലബാർ കാൻസർ സെന്‍റർ എന്നിവിടങ്ങളിലാണ് ഇപ്പോൾ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭിക്കുന്നത്.

പ്രതിഷേധം: ആശുപത്രികൾക്ക് തുക നൽകുന്നത് മുടങ്ങിയെങ്കിലും രോഗികൾക്കുള്ള ചികിത്സ ഇതുവരെ പൂർണമായി മുടങ്ങിയിട്ടില്ല. സർക്കാർ ഫണ്ട് ലഭിക്കാൻ കാലതാമസം വന്നാൽ ആശുപത്രികൾ ചികിത്സ നൽകാൻ മടിക്കും. പണം കുടിശികയായതോടെ മംഗളൂരു യേനപ്പേയ മെഡിക്കൽ കോളജിൽ രോഗികൾക്കുള്ള ചികിത്സ പൂർണമായും നിർത്തിയിരുന്നു. പിന്നീട് രോഗികളുടെ പ്രതിഷേധത്തെ തുടർന്നു ഡെപ്യൂട്ടി കലക്‌ടർ ഇടപെട്ട് വീണ്ടും ചികിത്സ തുടങ്ങിയെങ്കിലും ഇപ്പോൾ ചികിത്സ കിട്ടുന്നില്ലെന്നാണ് ദുരിതബാധിതർ പറയുന്നത്.

also read:സാങ്കേതിക തടസം മാറാതെ മൂന്ന് വർഷം; നോക്കുകുത്തിയായി ബേളയിലെ നാലര കോടിയുടെ കംപ്യൂട്ടറൈസ്‌ഡ് ഡ്രൈവിങ് ടെസ്റ്റും ട്രാക്കും

മലബാർ കാൻസർ സെന്‍ററിലും റീജിയണൽ കാൻസർ സെന്‍ററിലും ചികിത്സ തേടിയെത്തുന്ന രോഗികൾക്കും സമാന സ്ഥിതിയാണെന്ന് ദുരിതബാധിതർ പറയുന്നു. മരുന്നുകൾ കൃത്യമായി കിട്ടുന്നില്ലെന്നാണ് രോഗികളുടെ പരാതി. ഇതോടെ പ്രത്യക്ഷ സമരവുമായി തെരുവിലേക്കിറങ്ങാൻ ഒരുങ്ങുകയാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി. സൂചന സമരത്തിന്‍റെ ഭാഗമായി ഈ മാസം 22 ന് കാഞ്ഞങ്ങാട് ആർ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details